ന്യൂഡൽഹി∙ ഹർകീവിൽ റഷ്യൻ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർഥി നവീൻ ശേഖരപ്പ ജ്‍ഞാനഗൗഡറുടെ മൃതദേഹം ഇന്ത്യയിൽ എത്തിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷവർധൻ ശൃംഗ്‌ല. മൃതദേഹം എത്തിക്കുന്നതുമായി ബന്ധപ്പെട്ട് യുക്രെയ്ൻ അധികൃതരുമായി ചർച്ച നടത്തി വരികയാണെന്നും അദ്ദേഹം അറിയിച്ചു.
‘കർണാടകയിലുള്ള നവീന്റെ മാതാപിതാക്കളുമായി സംസാരിച്ചു. സംഘർഷ മേഖലകളിൽപ്പെട്ട ഇന്ത്യക്കാരെ ഒഴിപ്പിക്കുക മാത്രമല്ല, കൊല്ലപ്പെട്ട നവീന്റെ മൃതദേഹവും നാട്ടിലെത്തിക്കും. നവീന്റെ മൃതദേഹം തിരിച്ചറിഞ്ഞു. ഹർകീവിലെ മെഡിക്കൽ സർവകലാശാലയിലാണ് നിലവിൽ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്’– ശൃംഗ്‌ല പറഞ്ഞു. ഹർകീവ് മെഡിക്കൽ സർവകലാശാലയിലെ നാലാം വർഷ എംബിബിഎസ് വിദ്യാർഥിയാണ് ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട നവീൻ. കർണാടകയിലെ ഹവേരി ജില്ലയിലെ ചാലഗേരി സ്വദേശിയാണ്.