കൊച്ചി∙ മീഡിയ വൺ ചാനലിനു സംപ്രേക്ഷണ വിലക്കേർപ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും ശരിവച്ചു. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ മീഡിയാ വണ്ണിന്റെ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളുകയായിരുന്നു. സിംഗിള്‍ ബെഞ്ച് വിധിയില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ചാനല്‍ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡും ജീവനക്കാരും കേരള പത്രപ്രവര്‍ത്തക യൂണിയനുമാണ് അപ്പീല്‍ നല്‍കിയത്. ചാനലിന്റെ വാദങ്ങൾ കണക്കിലെടുക്കാതെയാണ് സിംഗിൾ ബഞ്ച് ഉത്തരവിറക്കിതെന്നു കാട്ടിയായിരുന്നു അപ്പീൽ അപേക്ഷ. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മീഡിയ വൺ മാനേജ്മെന്റ് അറിയിച്ചു.ചീഫ് ജസ്റ്റിസ് എസ്.മണികുമാര്‍, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണു ഹര്‍ജി പരിഗണിച്ചത്. ജനാധിപത്യ സംവിധാനത്തില്‍ മാധ്യമങ്ങളുടെ പങ്ക് ഏറെയാണെന്നും വിലക്കു നീക്കണമെന്നും മീഡിയ വണ്‍ ചാനലിനു വേണ്ടി ഹാജരായ സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ വാദിച്ചു. കൃത്യമായ രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ ചാനലിന്റെ ലൈസൻസ് റദ്ദാക്കിയത് എന്ന വിവരം അഡീഷണൽ സോളിസിറ്റർ ജനറൽ അമൻ ലേഖി കോടതിയെ അറിയിച്ചിരുന്നു. അപ്പീലിന്മേലുള്ള മറുപടിയും മറ്റു വിശദാംശങ്ങളും മുദ്രവച്ച കവറിൽ കേന്ദ്ര സർക്കാർ കോടതിക്കു കൈമാറിയിരുന്നു. ഫെബ്രുവരി എട്ടിനാണ് സംപ്രേഷണ വിലക്കേർപ്പെടുത്തിയ സർക്കാർ നടപടി ശരിവച്ചു കൊണ്ട് മീഡിയാ വണ്ണിന്റെ ഹർജി സിംഗിൾ ബെഞ്ച് തള്ളിയത്.