കണ്ണൂർ: ആഗ്രഹമുണ്ടെങ്കിലും സ്ഥലപരിമിതി മൂലം പച്ചക്കറികൾ കൃഷി ചെയ്യാൻ സാധിക്കാത്ത നിരവധി ആളുകൾ നഗരപ്രദേശങ്ങളിൽ താമസിക്കുന്നുണ്ട്. ഇവർക്കായി സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ “അടുക്കളയ്ക്കായ് അടുക്ക് കൃഷി’ എന്ന പദ്ധതി നടപ്പിലാക്കുന്നു.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചർ റിസർച്ചിന്റെ സാങ്കേതികസഹായത്തോടെ മിഷൻ ഫോർ ഇന്റഗ്രേറ്റഡ് ഡവലപ്മെന്റ് ഓഫ് ഹോർട്ടികൾച്ചർ എന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് അടുക്ക് കൃഷി നടപ്പിലാക്കുന്നത്.
ഒരു സ്ക്വയർ മീറ്റർ വിസ്തൃതിയിൽ സ്ഥാപിക്കുവാൻ കഴിയുന്ന നാല് അടുക്കുകളുള്ള അർക്ക വെർട്ടിക്കൽ ഗാർഡൻ സ്ട്രക്ചറിനൊപ്പം 16 ചെടിച്ചട്ടികൾ, ഐഐഎച്ച്ആറിന്റെ 80 കിലോഗ്രാം പരിപോഷിപ്പിച്ച നടീൽ മാധ്യമം (ചകിരിച്ചോർ), ചീര, മുളക്, പാലക്ക്, മല്ലി, കത്തിരി, തക്കാളി, ബീൻസ് എന്നീ വിളകളുടെ വിത്ത്, സസ്യപോഷണ-സംരക്ഷണ പദാർഥങ്ങൾ, 25 ലിറ്റർ സംഭരണശേഷിയുള്ള തുള്ളിനന സൗകര്യം എന്നിവ ഉണ്ടായിരിക്കും. ചക്രങ്ങൾ ഘടിപ്പിച്ചിട്ടുള്ളതിനാൽ സൂര്യപ്രകാശ ലഭ്യതയ്ക്കനുസരിച്ച് സ്ഥാനം മാറ്റാം.
2021 -22 മിഷൻ ഫോർ ഇന്റഗ്രേറ്റഡ് ഡവലപ്മെന്റ് ഓഫ് ഹോർട്ടിക്കൾചർ പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ കോർപറേഷൻ പരിധികളിലെ താമസക്കാരായ ഗുണഭോക്താക്കൾക്കായി 330 യൂണിറ്റുകൾ 75 ശതമാനം ധനസഹായത്തോടെ നൽകും. യൂണിറ്റൊന്നിന് 23,340 രൂപ ചെലവ് കണക്കാക്കിയിട്ടുള്ള പദ്ധതിയുടെ 17,505 രൂപ (75 ശതമാനം) സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ വിഹിതവും 5835 രൂപ (25 ശതാമനം) ഗുണഭോക്തൃ വിഹിതവുമാണ്.
പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുന്നതിനുമായി www.shm.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം. വെർട്ടിക്കിൾ ഗാർഡന്റെ കണ്ണൂർ കോർപറേഷൻതല ഉദ്ഘാടനം കോർപറേഷൻ വളപ്പിൽ മേയർ ടി.ഒ. മോഹനൻ നിർവഹിച്ചു.