ദേശീയപാത ആറുവരിയാക്കുന്നതിന്റെ പ്രവൃത്തികളുടെ മറവില്‍ തളിപ്പറമ്പ് ബക്കളം നെല്ലിയോട്ട് വയല്‍ നികത്തുന്നതായി പരാതി. വയല്‍ മണ്ണിട്ട് നികത്തുന്നതിനെതിരേ വ്യാപക പ്രതിഷേധമാണുയരുന്നത്. കുറ്റിക്കോലില്‍ ദേശീയ പാതയുടെ നവീകരണ പ്രവൃത്തി നടക്കുന്നതിനോട് ചേര്‍ന്ന് കിടക്കുന്ന വയലുകളാണ് സ്വകാര്യ വ്യക്തികള്‍ വ്യാപകമായി മണ്ണിട്ടു നികത്തുന്നത്.
ഈ ഭാഗങ്ങളില്‍ ദേശീയ പാതക്കായി ഏറ്റെടുത്ത വയലുകളിലും അല്ലാത്ത സ്ഥലങ്ങളിലും വലിയ തോതില്‍ മണ്ണ് ഇറക്കി സ്ഥലം ഉയര്‍ത്തി ഉറപ്പിക്കുന്നതുള്‍പ്പെടെ പ്രവൃത്തികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ഇതിന്റെ മറവിലാണ് വലിയ തോതില്‍ വയലുകളില്‍ മണ്ണ് ഇറക്കി നികത്തുന്നത്.
വളരെ നല്ല രീതിയില്‍ നെല്‍കൃഷിയും പച്ചക്കറി കൃഷിയും നടത്തി മാതൃകാ പരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കുറ്റിക്കോല്‍ പ്രദേശത്ത് ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കാര്‍ഷിക മേഖലക്ക് വലിയ രീതിയിലുള്ള പ്രത്യാഘാതമുണ്ടാക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
ദേശിയപാത വികസനത്തിന്റെ ഭാഗമായല്ല മണ്ണിടുന്നതെന്ന് മനസിലാക്കിയതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തു വന്നിട്ടുണ്ട്. വിഷയം ശ്രദ്ധയില്‍പ്പെട്ട് സിപിഎം ബക്കളം ലോക്കല്‍ സെക്രട്ടറി പാച്ചേനി വിനോദ് വയലുകളുടെ ഉടമസ്ഥരുമായി ബന്ധപ്പെട്ടിരുന്നു. ദേശീയപാത പ്രവര്‍ത്തിയുടെ ഭാഗമായി മണ്ണ് സൂക്ഷിക്കാനുള്ള അനുമതിമാത്രമാണ് നല്‍കിയതെന്നാണ് വയല്‍ ഉടമകളുടെ വാദം.