കേളകം: സ്കൂളിൽ കടന്നുകൂടിയ വാനരൻ അധ്യാപകരെയും വിദ്യാർഥികളെയും വനപാലകരെയും വട്ടം കറക്കി. ഇന്നലെ രാവിലെ 12 ഓടെ കേളകം മഞ്ഞളാംപുറം യുപി സ്കൂളിലായിരുന്നു സംഭവം. സ്കൂൾ കോന്പൗണ്ടിലെത്തിയ കുരങ്ങൻ ഞൊടിയിടെ ക്ലാസ് റൂമിൽ കയറി. ഇതോടെ കുട്ടികളും അധ്യാപകരും പരിഭ്രാന്തിയിലായി. ആദ്യമായി കുരങ്ങിനെ കണ്ട കുട്ടികൾക്ക് കൗതുകവും. കാര്യങ്ങൾ കൈവിട്ടതോടെ അധ്യാപകർ വനപാലകരുടെ സഹായം തേടുകയായിരുന്നു.
തുടർന്ന് മണത്തണ സെക്ഷൻ ഫോറസ്റ്റർ മഹേഷിന്റെ നേതൃത്വത്തിൽ വനപാലക സംഘമെത്തി കുരങ്ങനെ പിടികൂടാൻ ശ്രമം നടത്തി. ഇതോടെ കുട്ടികളുടെ ടോയ്ലറ്റിൽ കയറിയ കുരങ്ങനെ നെറ്റ് ഉപയോഗിച്ച് പിടികൂടാൻ ശ്രമിച്ചെങ്കിലും പാഴായി. പുറത്തുചാടിയ കുരങ്ങൻ കോന്പൗണ്ട് കടന്ന് രക്ഷപെടുകയായിരുന്നു. ഏറെനേരം ആശങ്ക സൃഷ്ടിച്ചെങ്കിലും കുരങ്ങ് സ്കൂൾ കോന്പൗണ്ട് വിട്ടതോടെ അധ്യാപകർക്കും വിദ്യാർഥികൾക്കും ആശ്വാസമായി. എങ്കിലും വരുംദിവസങ്ങളിലും ഇത് എത്തുമോയെന്ന ആശങ്കയുണ്ട്. വനത്തിൽനിന്ന് കിലോമീറ്റർ അകലയുള്ള പ്രദേശങ്ങളിലും വാനരശല്യം രൂക്ഷമാണ്.