മട്ടന്നൂർ: വർഷങ്ങളായി പുന്നാട് പ്രവർത്തിക്കുന്ന കീഴൂർ വില്ലേജ് ഓഫീസ് ഇരിട്ടിയിലേക്ക് മാറ്റാനുള്ള നീക്കം ജനങ്ങളിൽ പ്രതിഷേധം ഉയരുന്നു. വില്ലേജ് ഓഫീസ് പുന്നാട് തന്നെ നിലനിർത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 34 വർഷത്തോളം വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന വില്ലേജ് ഓഫീസ് 2000 ത്തിലാണ് പുന്നാട് ടൗണിൽ സ്വന്തമായുള്ള കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചത്. അന്നത്തെ മന്ത്രിയായിരുന്ന കെ.ഇ. ഇസ്മായിൽ ഉദ്ഘാടനം ചെയ്ത ഓഫീസ് നല്ലനിലയിൽ പ്രവർത്തിക്കുന്നതിനിടെയാണ് ഓഫീസ് ഇരിട്ടിയിലേക്ക് മാറ്റാനുള്ള ശ്രമം നടക്കുന്നത്. 20 വർഷം മുമ്പ് നാട്ടുകാർ പിരിവെടുത്താണ് പുന്നാട് ടൗണിൽ വില്ലേജ് ഓഫീസിനായി പത്ത് സെന്റ് സ്ഥലംവാങ്ങി നൽകിയത്. കെട്ടിടത്തിന്റെ നിർമാണ പ്രവൃത്തി ഏറ്റെടുത്തവർ പൂർത്തീകരിക്കാതെ വന്നതോടെ നാട്ടുകാർ തന്നെയാണ് കെട്ടിടത്തിന്റെ ബാക്കിയുള്ള പ്രവൃത്തിയും ഏറ്റെടുത്ത് നടത്തിയത്.
കീഴൂർ വില്ലേജ് പരിധിയിലുള്ളവർക്ക് വേഗത്തിലെത്താനുള്ള സൗകര്യം പുന്നാടുണ്ട്. ഹൈടെക്ക് വില്ലേജ് ഓഫീസാക്കി മാറ്റുന്നതിനാണ് ഇരിട്ടിയിൽ പുതിയ ഒരുസ്ഥലം കണ്ടെത്തി ഓഫീസ് അങ്ങോട്ട് മാറ്റുന്നതെന്നാണ് പറയുന്നത്.
എന്നാൽ, നിലവിൽ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം നിർമിച്ച് ഹൈടെക് ആക്കി മാറ്റാൻ കഴിയുമെന്നാണ് നാട്ടുകാർ പറയുന്നത്. ഇരിട്ടിയിലേക്ക് ഓഫീസ് മാറ്റിയാൽ ജനങ്ങൾക്ക് എത്തിപ്പെടാൻ പ്രയാസപ്പെടും. ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന ഇരിട്ടിയിൽ ഓഫീസിന്റെ പ്രവർത്തനം മാറ്റിയാൽ ജനങ്ങൾക്ക് ഇരട്ടി ദുരിതമാകും.