കണ്ണൂർ: കേരളത്തിലെ സർവീസ് പെൻഷൻകാർക്ക് 11ാം പെൻഷൻ പരിഷ്കരണ കമ്മീഷൻ അംഗീകരിച്ച പെൻഷൻ പരിഷ്കരണ കുടിശികയായ നാലും ഗഡുഇതുവരെ നൽകാത്ത സർക്കാർ നടപടിയിൽ കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ കണ്ണൂർ ജില്ലാകമ്മിറ്റി യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. വാർധക്യകാല രോഗപീഡകൾ കൊണ്ട് ഉഴലുന്ന 70 ഉം 80 ഉം വയസായ പെൻഷൻകാർക്ക് ചികിത്സിക്കാൻ മതിയായ ഇൻഷ്വറൻസ് പദ്ധതി നടപ്പിലാക്കുന്നതിനോ പെൻഷൻ പരിഷ്കരണ കുടിശിക വിതരണം ചെയ്യുന്നതിനോ സർക്കാർ തയാറാകുന്നില്ല. വിരമിച്ച പോലീസുകാരിൽ നിരവധിപ്പേരാണ് മാരകരോഗം മൂലം കഷ്ടത അനുഭവിക്കുന്നത്.
70 വയസിൽ കവിഞ്ഞ പെൻഷൻകാർക്കെങ്കിലും എത്രയും പെട്ടെന്ന് പെൻഷൻ പരിഷ്കരണ കുടിശികയും ഇൻഷ്വറൻസ് പരിരക്ഷയും പ്രാവർത്തികമാക്കാൻ യോഗം സർക്കാരിനോട് അഭ്യർഥിച്ചു.ജില്ലാ പ്രസിഡന്റ് മുയ്യം രാഘവൻ അധ്യക്ഷത വഹിച്ചു. എം.ജി. ജോസഫ്, പി. ബാലൻ, പി.കെ. രാമചന്ദ്രൻ, ഇ. രവീന്ദ്രൻ, ടി.കെ. കുഞ്ഞിരാമൻ നന്പ്യാർ, അബ്ദുൾ മജീദ്, പി. ശശിധരൻ, കെ. മോഹനൻ എന്നിവർ പ്രസംഗിച്ചു.