മണ്ണാർക്കാട്
അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ കേസ് മണ്ണാർക്കാട്ടെ പ്രത്യേക കോടതി 25ന് വീണ്ടും പരിഗണിക്കും. സ്‌പെഷ്യൽ പ്രോസിക്യൂട്ടർമാരെ സർക്കാർ നിയമിച്ചശേഷം ആദ്യമായാണ് കേസ് വെള്ളിയാഴ്‌ച പരിഗണിച്ചത്. നേരത്തേ നിയമിച്ച സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അസുഖത്തെത്തുടർന്ന് ഹാജരാകാൻ കഴിയില്ലെന്ന് സർക്കാരിനെ അറിയച്ചതോടെയാണ് പുതിയ പ്രോസിക്യൂട്ടർമാരെ നിയമിച്ചത്. മധുവിന്റെ കുടുംബത്തിന്റെ നിർദേശപ്രകാരം ഹൈക്കോടതി സീനിയർ അഭിഭാഷകൻ സി രാജേന്ദ്രനെ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായും പാലക്കാട്ടെ അഭിഭാഷകൻ രാജേഷ് എം മേനോനെ അഡീഷണൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായും നിയമിച്ചിരുന്നു. ഇവർ ഇരുവരും വെള്ളിയാഴ്ച കോടതിയിൽ ഹാജരായി.
കേസിന്റെ വിശദാംശങ്ങൾ കൂടുതൽ മനസ്സിലാക്കാൻ രണ്ടാഴ്ച സമയം പ്രോസിക്യൂഷൻ ചോദിച്ചെങ്കിലും ഹൈക്കോടതിയിൽ എല്ലാ ആഴ്ചയും റിപ്പോർട്ട് നൽകേണ്ടതിനാൽ കേസ് 25ലേക്ക് മാറ്റുകയാണെന്ന് കോടതി പറഞ്ഞു. സംഭവസ്ഥലം സന്ദർശിക്കണമെന്നും ലഭിച്ച രേഖകളിൽ ചിലത് അവ്യക്തമാണെന്നും ചില ഡിജിറ്റൽ തെളിവുകൾ തുറക്കാൻ പറ്റുന്നില്ലെന്നും പ്രതിഭാഗം അഭിഭാഷകർ കോടതിയിൽ അറിയിച്ചു.
ഇതെല്ലാം പരിശോധിച്ചാണ് ജഡ്‌ജി കെ എസ് മധു കേസ് മാറ്റിയത്. പ്രതിഭാഗം ഈ ഡോക്യുമെന്റ് കൈപ്പറ്റിയാൽ മാത്രമേ വിചാരണ ആരംഭിക്കാൻ കഴിയു എന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സി രാജേന്ദ്രൻ പറഞ്ഞു. പുതിയ പ്രോസിക്യൂട്ടർമാരെ സർക്കാർ നിയമിച്ചതിൽ സന്തോഷമുണ്ടെന്നും ഞങ്ങളുടെ മധുവിന് നീതി ലഭിക്കുമെന്നും സർക്കാരിൽ പൂർണ വിശ്വാസമാണെന്നും കോടതിയിലെത്തിയ മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും പറഞ്ഞു. കേസ് മുന്നോട്ടുപോകുന്നതിനനുസരിച്ചായിരിക്കും സിബിഐ അന്വേഷണത്തെക്കുറിച്ച് തീരുമാനിക്കുകയെന്നും മല്ലിയും സരസുവും പറഞ്ഞു.