സർക്കാർ ഏറ്റെടുത്തശേഷം കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ പുതുതായി 20 ഡോക്ടർമാർ ചുമതലയേറ്റെടുത്തു. പ്രിൻസിപ്പലിനു പുറമെയാണ് മറ്റ് മെഡിക്കൽ കോളജുകളിൽ നിന്നും ട്രാൻസ്ഫറായും പിഎസ്സി വഴി നിയമിതരായും വിവിധ വിഭാഗങ്ങളിൽ ഇത്രയും ഡോക്ടർമാർകൂടി പുതുതായി പരിയാരത്തെത്തിയത്. ആരോഗ്യമന്ത്രി മെഡിക്കൽ കോളജ് സന്ദർശിച്ച ശേഷമുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വിവിധ സർക്കാർ മെഡിക്കൽ കോളജുകളിൽ സേവനം അനുഷ്ഠിച്ച വ്യത്യസ്ത വിഭാഗങ്ങളിലെ പ്രഗത്ഭരായ ഡോക്ടർമാരെ പരിയാരത്ത് സേവനമനുഷ്ഠിക്കാൻ ചുമതലപ്പെടുത്തിയത്. സർക്കാർ ഏറ്റെടുക്കുന്ന ഘട്ടത്തിൽ മെഡിക്കൽ കോളജിൽ ഉണ്ടായിരുന്ന ഡോക്ടർമാർക്ക് പുറമെയാണിത്.
പ്രഫസർ തസ്തികയിൽ ഡോ.അലക്സ് ഉമ്മൻ (ജനറൽ സർജറി), ഡോ.അരവിന്ദ് എസ്.ആനന്ദ് (റേഡിയോ തെറാപ്പി), ഡോ. വി. ലത (പാത്തോളജി) എന്നിവരാണ് ചുമതയേറ്റത്. ജനറൽ സർജറി വിഭാഗത്തിൽ ഡോ.ഇ.പി. ഉണ്ണിക്കൃഷ്ണൻ, ഡോ. ഷാരുൺ അബി കുര്യൻ, ഡോ.എം.കെ. സുബൈർ, ഡോ. കെ. അതീഷ് എന്നിവർ അസിസ്റ്റന്റ് പ്രഫസർ തസ്തികയിലും നിയമിതരായി.
നിലവിൽത്തന്നെ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ചികിത്സാ വിഭാഗമായ കാർഡിയോളജിയിൽ ഡോ.കെ. എൻ. ഹരികൃഷ്ണൻ, ഡോ.ടി.സൈതലവി എന്നിവരും കാർഡിയോ വാസ്കുലർആൻഡ് തൊറാസിക് സർജറി വിഭാഗത്തിൽ ഡോ.അഷ്റഫ് ഉസ്മാനും മറ്റ് സർക്കാർ മെഡിക്കൽ കോളജിൽ നിന്നും കണ്ണൂർ മെഡിക്കൽ കോളജിലെത്തിയ ഡോക്ടർമാരാണ്. മെഡിക്കൽ കോളേജിൽ ആദ്യമായി പ്രത്യേകമായി തീരുമാനിച്ച പീഡിയാട്രിക്സ് ന്യൂറോളജി വിഭാഗത്തിൽ ഡോ. ഹർഷ ടി.വാളൂരിന്റെ സേവനവും ഇനിമുതൽ പരിയാരത്തുനിന്ന് ജനങ്ങൾക്ക് ലഭിക്കും. പീഡിയാട്രിക്സ് സർജറി വിഭാഗത്തിൽ ഡോ.നിബി ഹസനും ന്യൂറോസർജറി വിഭാഗത്തിൽ ഡോ ഇ. പി.ഉണ്ണിക്കൃഷ്ണൻ, ഡോ.മുരളീകൃഷ്ണൻ എന്നിവരും ട്രാൻഫ്യൂഷൻ മെഡിസിൻ വിഭാഗത്തിൽ ഡോ. നിത്യാ മോഹനൻ, ഡോ.എസ്.ശ്രീലക്ഷ്മി എന്നിവരും നെഫ്രോളജി വിഭാഗത്തിൽ ഡോ.പി. ധനിൻ, ഫിസിക്കൽ മെഡിസിൻ ആൻഡ് റീ ഹാബിലിറ്റേഷൻ വിഭാഗത്തിൽ ഡോ.ഹേമലത, റേഡിയോ തെറാപ്പി വിഭാഗത്തിൽ ഡോ.വി.ആർ.അഞ്ജലി തുടങ്ങിയ ഡോക്ടർമാരുടെ സേവനവും കണ്ണൂർ മെഡിക്കൽ കോളജിൽ നിന്നും ലഭ്യമായിത്തുടങ്ങി. കഴിഞ്ഞ വെള്ളിയാഴ്ച ചുമതലയേറ്റ ജനറൽ സർജറി വിഭാഗത്തിലെ ഡോ എം.എ. അനൂപാണ് കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ അവസാനം ചുമതലയേറ്റ ഡോക്ടർ. നെഫ്രോളജി സൂപ്പർ സ്പെഷ്യാലിറ്റി ബിരുദം നേടിയ നിലവിൽ ജനറൽ മെഡിസിൻ വിഭാഗത്തിലെ ഡോ.കെ.വി. അനുപമയുടെ സേവനം ഇനി മുതൽ നെഫ്രോളജി വിഭാഗത്തിൽ ലഭ്യമാണ്.
വിവിധ വിഭാഗങ്ങളിൽ പ്രഫസർ തസ്തികകളിൽ ഉൾപ്പടെ സർക്കാർ പുതിയ ഡോക്ടർമാരെ അനുവദിച്ചത് കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സസംവിധാനം കൂടുതൽ വിപുലപ്പെടുത്തുന്നതിന് സഹായകരമാണെന്ന് പ്രിൻസിപ്പലും ആശുപത്രി സൂപ്രണ്ടും അറിയിച്ചു.