പച്ചത്തേങ്ങാ സംഭരണം എല്ലാ ജില്ലകളിലും ഉടൻ തന്നെ വിപുലപ്പെടുത്തുമെന്നു കൃഷി മന്ത്രി പി. പ്രസാദ്.
നാളികേര ഉത്പാദനം വർധിപ്പിക്കാനും കേര കർഷകർക്കു മികച്ച വരുമാനം ലഭ്യമാക്കാനും ലക്ഷ്യമിട്ട് സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പാക്കുന്ന മലപ്പുറം ജില്ലയിലെ വളവന്നൂർ കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനവും വളവന്നൂർ കുത്തരിയുടെ ആദ്യവിൽപനയും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തേങ്ങാ സംഭരണത്തിനായി ആവശ്യമെങ്കിൽ പ്രത്യേക സംഭരണ വാഹനസൗകര്യം എല്ലാ ജില്ലകളിലും സജ്ജമാക്കും. കേരകർഷകർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ സമയ ബന്ധിതമായി പരിഹരിക്കാനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയതായും മന്ത്രി അറിയിച്ചു. കൃഷിക്കാരനു മെച്ചപ്പെട്ട സേവനം ലഭ്യമാക്കുക, വരുമാന വർധനവുണ്ടാക്കുക എന്നതാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.