പേരാവൂർ: പേരാവൂർ താലൂക്കാശുപത്രി നവീകരണത്തിന് തയാറാക്കിയ 53 കോടിയുടെ മാസ്റ്റർ പ്ലാൻ നടപ്പിലാക്കുന്നത് സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരെ ആശുപത്രി അധികൃതർ മൗനത്തിലെന്ന് ആക്ഷേപം. സർക്കാർ ഡോക്ടർമാർ നല്കിയ ഹർജിയിൽ ജൂലായ് 11ന് ഹൈക്കോടതി അനുവദിച്ച സ്റ്റേ ആറു മാസം കഴിഞ്ഞിട്ടും ഒഴിവാക്കി കിട്ടാൻ ആരോഗ്യ വകുപ്പോ ആശുപത്രിയുടെ ഭരണചുമതല വഹിക്കുന്ന പേരാവൂർ ബ്ലോക്ക് പഞ്ചായത്തോ തയാറാകുന്നില്ലെന്നാണ് ആശുപത്രി സംരക്ഷണ സമിതിയുടെ പരാതി.
2021 ജൂലായ്14 നാണ് മാസ്റ്റർ പ്ലാൻ നടപ്പാക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് രണ്ട് സർക്കാർ ഡോക്ടർമാർ ഹൈക്കോടതിയിൽ ഹർജി നല്കിയത്. സർക്കാർ ആശുപത്രിയുടെ നവീകരണം സർക്കാർ ഡോക്ടർമാർ തന്നെ സ്റ്റേ ചെയ്തിട്ടും ജില്ലാ ആരോഗ്യ വകുപ്പ് അധികൃതർ ഡോക്ടർമാർക്കെതിരേ വകുപ്പുതല നടപടിയെടുക്കാൻ പോലും തയാറായിട്ടില്ല. ആശുപത്രിയുടെ സ്ഥലം കൈയേറി നിയമതടസങ്ങൾ ഉണ്ടാക്കിയതിലും ആശുപത്രി ഭൂമിക്കുമേൽ ഉടമസ്ഥാവകാശം കാണിച്ച് കോടതിയിൽ നിന്ന് സ്റ്റേ വാങ്ങിയതിന് പിന്നിലും പേരാവൂർ ആശുപത്രി നവീകരണം തടയുക എന്ന ലക്ഷ്യമാണ് ചിലർക്കെന്ന് ആശുപത്രി സംരക്ഷണസമിതി ആരോപിച്ചു.
ആശുപത്രി ഭൂമിയിൽ നിർമിക്കുന്ന കോവിഡ് ഐസിയു നിർമാണം കഴിഞ്ഞ ദിവസം രണ്ട് സർക്കാർ ഡോക്ടർമാർ ചേർന്ന് തടഞ്ഞതിനെതിരെ ജില്ലാ മെഡിക്കൽ ഓഫീസർ അന്വേഷണം നടത്തിയെങ്കിലും യാതൊരു നടപടിയുമുണ്ടായിട്ടില്ല. പേരാവൂർ ബ്ലോക്കിലെ ഏഴു പഞ്ചായത്തുകളിൽ നിന്നുമുള്ള നിർധന രോഗികൾ ആശ്രയിക്കുന്നത് ഈ ആശുപത്രിയെയാണ്. ഒപിയിലും അത്യാഹിത വിഭാഗത്തിലുമായി ദിനംപ്രതി ആയിരത്തിലധികം രോഗികൾ ഇവിടെ ചികിത്സ തേടുന്നുണ്ട്. ആശുപത്രിയുടെ പ്രധാന കെട്ടിടങ്ങൾ മാസ്റ്റർ പ്ലാനിന്റെ അടിസ്ഥാനത്തിൽ പൊളിച്ചിട്ടിട്ട് മാസങ്ങളായി. കിഫ്ബി ഫണ്ടിലുൾപ്പെടുത്തിയാണ് പേരാവൂർ ആശുപത്രിക്ക് 53 കോടി രൂപ അനുവദിച്ചത്