നിടുംപൊയിൽ : നിടുംപൊയിലിൽ വനത്തിനുള്ളിൽ മാലിന്യം തള്ളിയവരെക്കൊണ്ട് തന്നെ പഞ്ചായത്തധികൃതരും വനം വകുപ്പും മാലിന്യം തിരിച്ചെടുപ്പിച്ചു. തലശ്ശേരി ബാവലി അന്തസ്സംസ്ഥാനപാതയിൽ 29-ാം മൈലിനു സമീപം കഴിഞ്ഞ ദിവസം തള്ളിയ മാലിന്യമാണ് കൈതേരിയിലെ ബാഗ് നിർമാണ യൂണിറ്റ് ഉടമ അബ്ദുൽ ജലീലിനെ കൊണ്ട് അധികൃതർ തിരിച്ചെടുപ്പിച്ചത്.
മാലിന്യത്തിൽനിന്ന് ലഭിച്ച മേൽവിലാസമാണ് തള്ളിയവരെ കണ്ടെത്താൻ സഹായിച്ചത്.കണിച്ചാർ പഞ്ചായത്ത് അംഗം ജിമ്മി അബ്രഹാമിന്റെ സമയോചിതമായ ഇടപെടലായിരുന്നു മാലിന്യം തള്ളിയവരെ കുടുക്കിയത്. സ്വന്തം കടയിലെ മാലിന്യം നീക്കം ചെയ്യുന്നതിനായി 16000 രൂപയ്ക്ക് മറ്റൊരാൾക്ക് കരാർ നൽകിയിരുന്നുവെന്നാണ് ബാഗ് നിർമാണ യൂണിറ്റ് ഉടമ അബ്ദുൽ ജലീൽ പറഞ്ഞത്.എന്നാൽ കരാറുകാരൻ ഈ മാലിന്യം കൊണ്ടുതള്ളിയത് തലശ്ശേരി ബാവലി അന്തസ്സംസ്ഥാനപാതയിലെ നാലാം ഹെയർപിൻ വളവിന് സമീപത്തായിരുന്നു. വനനിയമ പ്രകാരം കേസെടുക്കുമെന്ന സ്ഥിതിയായതോടെ തള്ളിയ മാലിന്യം നീക്കം ചെയ്യാമെന്ന് സ്ഥാപന ഉടമ വനംവകുപ്പ് ഉദ്യോഗസ്ഥർക്കും പഞ്ചായത്ത് അധികൃതർക്കും വാക്കുനൽകുകയായിരുന്നു.
ഇതനുസരിച്ചാണ് തൊഴിലാളികളെയും കൂട്ടി ഉടമ ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നോടെ മാലിന്യം നീക്കം ചെയ്യാൻ എത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് മാലിന്യം നീക്കം ചെയ്തത്. പൊതുസ്ഥലത്ത് മാലിന്യം കൊണ്ടിട്ടതിന് സ്ഥാപന ഉടമയിൽനിന്ന് കഴിഞ്ഞ ദിവസം കണിച്ചാർ പഞ്ചായത്ത് കാൽ ലക്ഷം രൂപ പിഴ ഈടാക്കിയിരുന്നു.