24.7 C
Iritty, IN
July 2, 2024
  • Home
  • Kerala
  • ആദ്യ കാരവൻ പാർക്ക് വാഗമണിൽ; പദ്ധതി വിജയിപ്പിച്ചവർക്ക് നന്ദി: മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌
Kerala

ആദ്യ കാരവൻ പാർക്ക് വാഗമണിൽ; പദ്ധതി വിജയിപ്പിച്ചവർക്ക് നന്ദി: മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌

‘കാരവൻ കേരള’ പദ്ധതിയിൽ സംസ്ഥാനത്തെ ആദ്യ കാരവൻ പാർക്ക്‌ വാഗമണിൽ ആരംഭിക്കുമെന്ന്‌ ടൂറിസംമന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ അറിയിച്ചു. വേനലവധിക്കു മുമ്പ്‌
പാർക്ക്‌ തുറക്കാനുള്ള തയ്യാറെടുപ്പിലാണ്‌. 35 വർഷങ്ങൾക്ക് ശേഷമാണ് കേരളത്തിലെ വിനോദ സഞ്ചാര രംഗത്ത് ഒരു പുതിയ ഉൽപന്നം കൊണ്ടുവരുന്നത്. ഹൗസ് ബോട്ടിന് ശേഷം ‘കാരവൻ ടൂറിസം’. 2021 ഒക്ടോബറിൽ ആരംഭിച്ച കാരവൻ പദ്ധതിയിൽ സ്വകാര്യമേഖലയിൽ നിന്നും ഇതുവരെ 303 കാരവനുകൾക്കായി 154 വ്യക്തികൾ/സ്ഥാപനങ്ങൾ ടൂറിസം വകുപ്പിന് അപേക്ഷ നൽകിയി. ആദ്യ 100 കാരവൻ പാർക്കുകൾക്കായി 67 വ്യക്തികൾ/സ്ഥാപനങ്ങൾ മുന്നോട്ട് വന്നതായി മന്ത്രി അറിയിച്ചു.

ടൂറിസത്തിന്റെ പ്രാധാന്യം അനുസരിച്ച് അധികമാരും എത്തിപ്പെടാത്ത പ്രകൃതിയോടിണങ്ങിയ സ്ഥലങ്ങളിലാണ് കാരവൻപാർക്കുകൾക്ക് അനുമതി നൽകുന്നത്. 50 സെന്റ് ഭൂമിയാണ് കാരവൻ പാർക്കുകൾക്ക് ആവശ്യമായ ചുരുങ്ങിയ സ്ഥലം. ആദ്യ 100 കാരവൻ അപേക്ഷകർക്ക് 7.5 ലക്ഷം രൂപ അല്ലെങ്കിൽ നിക്ഷേപതുകയുടെ 15 ശതമാനം, അടുത്ത 100 പേർക്ക് യഥാക്രമം 5 ലക്ഷം, 10 ശതമാനം, അടുത്ത 100 പേർക്ക് 2.5 ലക്ഷം രൂപ അല്ലെങ്കിൽ 5 ശതമാനം എന്നിങ്ങനെ വിനോദസഞ്ചാര വകുപ്പ് സബ്‌സിഡി നൽകും. കോവിഡ് പ്രതിസന്ധി വിനോദ സഞ്ചാര മേഖലയെ തളർത്തിയ കാലത്തും പദ്ധതിയെ വിജയിപ്പിച്ച എല്ലാവർക്കും നന്ദി പറയുന്നതായും മന്ത്രി ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിൽ വ്യക്തമാക്കി.

മന്ത്രിയുടെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിന്റെ പൂർണരൂപം

35 വർഷങ്ങൾക്ക് ശേഷമാണ് കേരളത്തിലെ വിനോദ സഞ്ചാര രംഗത്ത് ഒരു പുതിയ ഉൽപന്നം കൊണ്ടുവരുന്നത്. ഹൗസ് ബോട്ടിന് ശേഷം ‘കാരവൻ ടൂറിസം’. കോവിഡ് പ്രതിസന്ധി വിനോദ സഞ്ചാര മേഖലയെ തളർത്തിയ കാലത്താണ് കേരളത്തിൽ കാരവൻ അവതരിപ്പിക്കുന്നത്. ഒരു പുതിയ ഉത്പന്നം എന്ന നിലയിലും പ്രതിസന്ധി ഘട്ടം എന്ന നിലയിലും വലിയ ആശങ്ക ഇതുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നു. കാരവൻ ടൂറിസം വിജയിക്കില്ല എന്ന അഭിപ്രായം ചില കോണിൽ നിന്നും ഉയർന്നു വന്നു. കാരവൻ എന്ന ഉത്പന്നം വിജയിക്കും എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു. പ്രതിസന്ധി ഘട്ടത്തിൽ മാറി നിൽക്കാനല്ല, നവീനമായ ആശയങ്ങൾ അവതരിപ്പിച്ച് പ്രതിസന്ധിയെ തരണം ചെയ്യാനാണ് ശ്രമിച്ചത്.

കോവിഡ് കാലത്ത് ഏറ്റവും അനുയോജ്യമായ ഒന്നാണ് കാരവൻ ടൂറിസം എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു. കാരണം, സുരക്ഷിതമായ യാത്ര, താമസം, ഭക്ഷണം, എന്നിവയാണ് ഈ കാലത്ത് ഓരോ സഞ്ചാരിയും ആഗ്രഹിക്കുന്നത്. ഇതെല്ലാം ഒരു കാരവാനിൽ ലഭ്യമാകും. അതുകൊണ്ട് തന്നെ സഞ്ചാരികൾ ഈ പദ്ധതി ഏറ്റെടുത്തിരിക്കുകയാണ്. ഈ സർക്കാർ ഒരു വർഷം പൂർത്തിയാക്കുമ്പോൾ നമ്മുടെ വിനോദസഞ്ചാര രംഗത്ത് കുതിപ്പേകുകയാണ് ‘കാരവൻ കേരള’. 2021 ഒക്ടോബറിൽ ആരംഭിച്ച കാരവൻ പദ്ധതിയിൽ സ്വകാര്യമേഖലയിൽ നിന്നും ഇതുവരെ 303 കാരവനുകൾക്കായി 154 വ്യക്തികൾ/സ്ഥാപനങ്ങൾ ടൂറിസം വകുപ്പിന് അപേക്ഷ നൽകിയിട്ടുണ്ട്. ആദ്യ 100 കാരവൻ പാർക്കുകൾക്കായി 67 വ്യക്തികൾ/സ്ഥാപനങ്ങൾ മുന്നോട്ട് വന്നുകഴിഞ്ഞു. സംസ്ഥാനത്തെ ആദ്യ കാരവൻ പാർക്ക് വേനലവധിക്കു മുമ്പ്‌ വാഗമണിൽ തുറക്കാനുളള തയ്യാറെടുപ്പിലാണ്.

ശീതീകരിച്ച ലോഞ്ച് ഏരിയ, സുരക്ഷിതമായ സീറ്റുകൾ, ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, എല്ലാ അവശ്യ ഉപകരണങ്ങളോടും കൂടിയ അടുക്കള, ഷവർ സൗകര്യമുള്ള കുളിമുറി, വിശാലമായ കിടപ്പുമുറി തുടങ്ങിയ സൗകര്യങ്ങളുള്ള കാരവനുകളാണ് ഒരുങ്ങുന്നത്. കേരളത്തിലെ അറിയപ്പെടുന്നതും വികസിച്ചു വരുന്നതുമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികൾക്ക് കാരവനിൽ എത്താനാവും. കൂടാതെ ഈ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ഏറ്റവുമടുത്തുള്ള സുരക്ഷിതമായ സ്ഥലങ്ങളിൽ കാരവൻ പാർക്കുകളുമുണ്ടാവും. രാത്രികാലങ്ങളിൽ അവിടെ വിശ്രമിക്കാം. ടൂറിസത്തിന്റെ പ്രാധാന്യം അനുസരിച്ച് അധികമാരും എത്തിപ്പെടാത്ത പ്രകൃതിയോടിണങ്ങിയ സ്ഥലങ്ങളിലാണ് കാരവൻപാർക്കുകൾക്ക് അനുമതി നൽകുന്നത്. 50 സെന്റ് ഭൂമിയാണ് കാരവൻ പാർക്കുകൾക്ക് ആവശ്യമായ ചുരുങ്ങിയ സ്ഥലം. ആദ്യ 100 കാരവൻ അപേക്ഷകർക്ക് 7.5 ലക്ഷം രൂപ അല്ലെങ്കിൽ നിക്ഷേപതുകയുടെ 15 ശതമാനം, അടുത്ത 100 പേർക്ക് യഥാക്രമം 5 ലക്ഷം, 10 ശതമാനം, അടുത്ത 100 പേർക്ക് 2.5 ലക്ഷം രൂപ അല്ലെങ്കിൽ 5 ശതമാനം എന്നിങ്ങനെ സബ്സീഡി വിനോദസഞ്ചാര വകുപ്പ് നൽകുന്നുണ്ട്.

കേരളത്തിലെ പ്രകൃതിരമണീയമായ ഉൾഗ്രാമങ്ങളിൽ താമസിച്ച് ഗ്രാമീണജീവിതം അറിയാനുള്ള സൗകര്യം കാരവൻ ടൂറിസത്തിന്റെ ഭാഗമാണ്. നെൽവയൽ, കൃഷി, ജലസംഭരണി, ഉൾനാടൻ മൽസ്യബന്ധനം, പരമ്പരാഗത വ്യവസായം, കരകൗശലമേഖല, ചെറുകിട സൂക്ഷ്മ സംരംഭങ്ങൾ, കലാകാരൻമാർ, കുടുംബശ്രീ പോലുള്ള സംരംഭങ്ങൾ എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമാകും. ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ വരുമാനം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യം കൂടി കാരവൻ കേരള പദ്ധതിക്കുണ്ട്. ഇനി കാരവാനിൽ കേരളം കാണാം.

Related posts

സംഭരണം അട്ടിമറിച്ചു; പാടശേഖരങ്ങളിൽ നെല്ല്‌ കെട്ടിക്കിടക്കുന്നു

Aswathi Kottiyoor

ലൈഫ്‌: വായ്‌പാ സാധ്യത പരിശോധിക്കാൻ എട്ടംഗ സമിതി

Aswathi Kottiyoor

പൂച്ചക്കുട്ടി കടുവക്കുഞ്ഞായി, വാട്ട്സ്ആപ്പിലൂടെ പരസ്യം, ഒന്നിന് വില 25 ലക്ഷം; വിരുതന്‍ പിടിയില്‍

Aswathi Kottiyoor
WordPress Image Lightbox