തിരുവനന്തപുരം ∙ ആറ്റുകാൽ പൊങ്കാല, ആലുവ ശിവരാത്രി, മാരാമൺ കൺവൻഷൻ തുടങ്ങിയ എല്ലാ ഉത്സവങ്ങൾക്കും 25 ചതുരശ്ര അടിക്ക് ഒരാൾ എന്ന നിലയിൽ പരമാവധി 1500 പേരെ പങ്കെടുപ്പിക്കാമെന്നു സർക്കാർ ഉത്തരവ്. ഓരോ ഉത്സവത്തിനും പൊതു സ്ഥലത്തിന്റെ വിസ്തീർണം അനുസരിച്ച് അനുവദിക്കാവുന്ന ആളുകളുടെ എണ്ണം കലക്ടർമാർ നിശ്ചയിക്കണം. ആറ്റുകാൽ പൊങ്കാല വീടുകളിൽ മാത്രമേ പാടുള്ളൂവെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. സംസ്ഥാനത്തെ അങ്കണവാടികൾ 14 മുതൽ വീണ്ടും തുറക്കുന്നു. കോവിഡ് മഹാമാരി ആരംഭിച്ച ശേഷം ആദ്യമായാണ് അങ്കണവാടികളിൽ കുട്ടികൾക്ക് പ്രവേശനം അനുവദിക്കുന്നത്. അങ്കണവാടി വഴിയുള്ള പോഷകാഹാര വിതരണവും ഉറപ്പാക്കും. കുട്ടികളെ കൊണ്ടു വിടുന്ന രക്ഷിതാക്കളും അങ്കണവാടി ജീവനക്കാരും മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് മന്ത്രി വീണാ ജോർജ് നിർദേശിച്ചു.