വിദ്യാഭ്യാസ വായ്പയെടുത്ത് പഠനം പൂർത്തിയാക്കിയവർ മെച്ചപ്പെട്ട തൊഴിലും വരുമാനവും ലഭിക്കാത്തതിനാൽ തിരിച്ചടക്കാൻ സാധിക്കാതെ ദുരിതത്തിലായി. ഐ.ടി, എൻജിനീയറിങ് മേഖലകളിൽ തൊഴിലവസരം കുറയുകയും കോവിഡ് വില്ലനാവുകയും ചെയ്തതോടെ ബാങ്കുകളുടെ ജപ്തിഭീഷണിക്ക് നടുവിലുമാണ് ഇവർ ജീവിക്കുന്നത്.
കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി, ഉണ്ടായിരുന്ന തൊഴിലും വരുമാനവും ഇല്ലാതാക്കി. 2018ൽ വിദ്യാഭ്യാസ വായ്പ തിരിച്ചടവ് സഹായ പദ്ധതി സർക്കാർ പ്രഖ്യാപിച്ചെങ്കിലും നിരവധിയായ നിബന്ധനകൾ പ്രകാരം ഒട്ടുമിക്കവർക്കും അപേക്ഷ സമർപ്പിക്കാൻ പോലും കഴിഞ്ഞിട്ടില്ല. മാത്രമല്ല, വിദ്യാർഥികൾക്കിടയിൽ വിവിധ കോഴ്സുകളിൽ പഠിച്ചവരെ ഒഴിവാക്കിക്കൊണ്ടാണ് പദ്ധതി പ്രഖ്യാപിച്ചത്. ഇതും ഇരുട്ടടിയായി.
സംസ്ഥാന സർക്കാറിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലെ സഹകരണ, ധനകാര്യ സ്ഥാപനങ്ങളും വിദ്യാഭ്യാസ വായ്പ എടുത്തവരോട് കടുത്ത ശത്രുത നടപടി തുടരുകയാണെന്ന് ഉപഭോക്താക്കൾ പറയുന്നു. തുച്ഛമായ തുകക്ക് വസ്തുവും വീടും ജാമ്യമായി സ്വീകരിച്ചാണ് വായ്പ നൽകിയിരിക്കുന്നത്.
വിദ്യാഭ്യാസ വായ്പ നൽകുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാർ പുറത്തിറക്കിയ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണ് ഈ നടപടി. ഇതിനുപുറമെ വായ്പ കുടിശ്ശിക തിരിച്ചുപിടിക്കാൻ സർഫാസി ആക്ട് നടപ്പാക്കരുതെന്ന് ആവശ്യപ്പെടുന്ന പ്രമേയം സർക്കാർ നിയമസഭയിൽ പാസാക്കിയിരുന്നു. എന്നാൽ, അതിനു വിരുദ്ധമായി ഒന്നോ രണ്ടോ ലക്ഷം രൂപ വായ്പയെടുത്ത് തിരിച്ചടക്കാൻ കഴിയാത്തവരുടെ മേൽ ബാങ്കുകൾ സർഫാസി നിയമം പ്രയോഗിക്കുന്നു. ചില സ്വകാര്യ കമ്പനികൾ ഗുണ്ടകളെ ഉപയോഗിച്ച് ആളുകളെ ഭയപ്പെടുത്തി വായ്പ തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നതായി പരാതിയുണ്ട്. വിദ്യാഭ്യാസ വായ്പയെടുത്ത് പഠനം പൂർത്തിയാക്കി തൊഴിൽ ലഭിക്കാത്തതുകൊണ്ട് തിരിച്ചടക്കാൻ സാധിക്കാതെ പോയ ഹതഭാഗ്യരായ കുട്ടികളെയും അവരുടെ മാതാപിതാക്കളെയും ബാങ്കുകളും സർക്കാറും ചേർന്ന് പീഡിപ്പിക്കുന്നതായി ഈ മേഖലയിലുള്ളവർ പറയുന്നു.
വിദ്യാഭ്യാസ വായ്പയിന്മേലുള്ള ജപ്തി നടപടി നിർത്തിവെക്കുക, തൊഴിൽ ലഭിക്കാത്തവരുടെ മുഴുവൻ വായ്പ കുടിശ്ശികയും സർക്കാർ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രിക്കും നിവേദനം നൽകിയതായി ഇന്ത്യൻ നഴ്സസ് പാരന്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. ഡി. സുരേന്ദ്രനാഥും സെക്രട്ടറി എസ്. മിനിയും അറിയിച്ചു.