തിരുവനന്തപുരം
അധികാരത്തിലുള്ളവർ അന്ധവിശ്വാസം പ്രചരിപ്പിക്കാൻ മത്സരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശാസ്‌ത്രത്തെ മതാത്മകതയുമായി കൂട്ടിച്ചേർക്കാൻ ശ്രമം നടക്കുന്നു. മൂന്നാം സഹസ്രാബ്ദ ഘട്ടത്തിലാണ് നാം കഴിയുന്നത്. എന്നിട്ടും മന്ത്രവാദംപോലുള്ളവ ഉണ്ടാകുന്നു. നിധി കിട്ടാൻ നരബലി നടത്തിയ വാർത്ത കേൾക്കേണ്ടിവരുന്നു. ഈ അനാചാരങ്ങൾ സമൂഹത്തിന്റെ താഴെത്തട്ടിലാണെങ്കിൽ മഹാമാരിയെ കിണ്ണം കൊട്ടി ഓടിക്കാമെന്ന് പറയുന്നവർ മുകൾത്തട്ടിൽ അധികാരത്തിലിരിക്കുന്നവരാണ്. കേരള ശാസ്‌ത്ര കോൺഗ്രസ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കെട്ടുകഥകളെ ശാസ്‌ത്രസത്യങ്ങളായി അവതരിപ്പിച്ച്, കപട ശാസ്‌ത്രവാദികളെ ശാസ്‌ത്രസ്ഥാപനങ്ങളുടെ തലപ്പത്ത് പ്രതിഷ്‌ഠിക്കുകയാണ്. അവരാകട്ടെ അന്ധവിശ്വാസത്തിന് കുടപിടിക്കുന്നു. ഇതിനെതിരെ ചെറുത്തുനിൽപ്പ് ഉയരണം. അന്ധവിശ്വാസങ്ങളുടെ ഇരുട്ട് ശാസ്‌ത്രപ്രചാരണത്തിലൂടെ മാത്രമേ അകറ്റാനാകൂ. ശാസ്‌ത്രത്തിന്റെ ജനകീയവൽക്കരണമാണ് ഈ കാലത്തിന്റെ ആവശ്യം. ശാസ്‌ത്രാവബോധം വളർത്തേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണ്. അക്കാദമിക് തലത്തിൽ മാത്രമായി ശാസ്‌ത്ര അറിവ് ഒതുങ്ങുന്നു. ശാസ്‌ത്രം വിദ്യാർഥികൾക്കും ഗവേഷകർക്കുമെന്ന ധാരണ പൊളിച്ചെഴുതണം. ജനകീയകലപോലെ എല്ലാ ജനങ്ങൾക്കും പ്രാപ്യമാകണം. ശാസ്‌ത്രരംഗത്തെ കുത്തകവൽക്കരണത്തെ ചെറുക്കണം. പേറ്റന്റ് നിയമത്തിന്റെയും ബൗദ്ധിക സ്വത്തവകാശത്തിന്റെയും മറവിൽ ശാസ്‌ത്രനേട്ടം ചൂഷണത്തിനുള്ള ഉപാധിയാക്കുന്നത് തടയാൻ അന്താരാഷ്ട്രതലത്തിൽ ആലോചനയുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.