കേരളം കടന്നുപോകാനിരിക്കുന്നത് അന്തരീക്ഷ ആർദ്രതയേറിയ വേനൽക്കാലത്തിലൂടെ. പ്രതീക്ഷിക്കുന്ന ശരാശരി താപനില 35-36 ഡിഗ്രി സെൽഷ്യസാണെങ്കിലും അതിലും കൂടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്നു വിദഗ്ധർ. തുടർച്ചയായ മഴയ്ക്കൊടുവിൽ കടുത്തവേനലെത്തിയതാണ് അന്തരീക്ഷത്തിലെ ഈർപ്പം(ആർദ്രത) വർധിപ്പിക്കുന്നത്. ഇതുമൂലം മനുഷ്യശരീരത്തിൽ വിയർപ്പ് ധാരാളമുണ്ടാകും. ഇത് ശാരീരിക അസ്വസ്ഥതകൾക്കും ചർമരോഗങ്ങൾക്കും കാരണമാകുമെന്ന് ആലപ്പുഴ മെഡിക്കൽകോളജിലെ മെഡിസിൻ വിഭാഗം മേധാവി ഡോ. ബി. പദ്മകുമാർ പറഞ്ഞു.
കുഞ്ഞുങ്ങൾക്ക് ചൂടുകുരു ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ എല്ലാവരും ദിവസവും രണ്ടുനേരം കുളിക്കണം. മാർച്ച്, ഏപ്രിൽ, മേയ് മസങ്ങളിൽ ചൂട് അസഹനീയമാകുമെന്നാണ് കണക്കാക്കുന്നത്. വിയർപ്പിലൂടെ ലവണാംശവും സോഡിയവും നഷ്ടപ്പെടുന്നതിനാൽ നിർജലീകരണം ഉണ്ടായി കുഴഞ്ഞു വീഴുന്നതിനും സാധ്യതയുണ്ട്. വിയർപ്പിലൂടെ ലവണാംശം നഷ്ടപ്പെട്ടാൽ ഹീറ്റ് ക്രാപ്സ് എന്ന പേശികൾ കോച്ചിവലിക്കുന്ന അവസ്ഥയുണ്ടാകാം. വെള്ളം മാത്രം കുടിച്ചതുകൊണ്ട് ഇവ തടയാനാവില്ല. ഉപ്പിട്ട നാരങ്ങാവെള്ളം, കഞ്ഞിവെള്ളം എന്നിവ കുടിക്കുന്നതാണു നല്ലത്. കുഞ്ഞുങ്ങളെ റബർഷീറ്റിൽ കിടത്തുന്നതൊഴിവാക്കി തുണിയിൽ കിടത്തണം. 60 വയസിനു മുകളിലുള്ളവർ നിർജലീകരണം ഉണ്ടാകാതിരിക്കാൻ വെള്ളം ധാരാളം കുടിക്കണം. ചിക്കൻപോക്സ് പോലുള്ള രോഗങ്ങളും പടരാൻ സാധ്യതയുള്ളതിനാൽ പനിയുള്ളവർ മറ്റുള്ളവരുമായുള്ള സന്പർക്കം ഒഴിവാക്കണം.
സൂര്യാഘാതം ശ്രദ്ധിക്കണം
സൂര്യന്റെ ചൂടേറ്റ് ശരീര താപനില 104 ഡിഗ്രി സെൽഷ്യസിനു മുകളിലെത്തി ആന്തരാവയവങ്ങളുടെ പ്രവർത്തനം അവതാളത്തിലാക്കുന്ന അവസ്ഥയാണ് സൂര്യാഘാതം. ദിവസവും 8-10 ഗ്ലാസ് വെള്ളം കുടിക്കുന്നതിനൊപ്പം, രാവിലെ 11 നും ഉച്ചകഴിഞ്ഞ് മൂന്നിനും ഇടയ്ക്കുള്ള വെയിൽ കൊള്ളാതെ ശ്രദ്ധിക്കണം.
സൂര്യാഘാതമേറ്റാൽ
സൂര്യാഘാതമേറ്റ് അരെങ്കിലും കുഴഞ്ഞു വീണാൽ അയാളെ തണലത്തേക്കു മാറ്റുകയാണ് ആദ്യം ചെയ്യേണ്ടത്. തുടർന്ന് വസ്ത്രം ലൂസാക്കി തണുത്തവെള്ളത്തിൽ ശരീരം കഴുകണം. ഫാൻകൊണ്ടുള്ള കാറ്റു കൊള്ളിക്കുന്നതും വീശിക്കൊടുക്കുന്നതും നല്ലതാണ്. കഴിക്കാനോ കുടിക്കാനോ ഒന്നും നൽകരുത്. ഉടൻ തന്നെ ആശുപത്രിയിലെത്തിക്കണം.