കേരളം മികച്ച ടൂറിസ്റ്റ് കേന്ദ്രമാണെന്നും, മിഡിൽ ഈസ്റ്റിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് ആകർഷകമായ പദ്ധതികൾ ഉണ്ടെന്നും ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ദുബായിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എക്സ്പോ 2020 കേരള വീക്കിൽ പങ്കെടുക്കാൻ എത്തിയതാണ് മന്ത്രി.
കേരളത്തിന്റെ ടൂറിസം വികസന സാധ്യതകളെ പ്രദർശിപ്പിക്കുന്നതിന് ലഭിച്ച വേദിയാണ് എക്സ്പോ 2020 കേരള വീക്ക്. ലോകമാകെ പ്രതിസന്ധികളിൽ അകപ്പെട്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ടൂറിസം രംഗവും . വെല്ലുവിളികൾ നേരിടുന്നുണ്ട്. കഴിഞ്ഞ കാലങ്ങളിൽ കേരള വിനോദസഞ്ചാര മേഖലയും വെല്ലുവിളികൾ നേരിടുകയായിരുന്നു. 2018ലേയും, 2019 ലേയും പ്രളയം, തുടർന്നുണ്ടായ മഹാമാരികൾ എല്ലാം കേരളം അതിജീവിച്ചു. പ്രതിസന്ധി ഘട്ടത്തിൽ സഹായവുമായി എല്ലാവരോടും മന്ത്രി നന്ദി അറിയിച്ചു.
കേരളം ടൂറിസ്റ്റുകളെ സ്വാഗതം ചെയ്യാൻ ഒരുങ്ങിയിരിക്കുകയാണ്. വിവിധ പദ്ധതികളാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്. മിഡിൽ ഈസ്റ്റിലെ ആളുകളെ ആകർഷിക്കാൻ പാകത്തിൽ ടൂറിസം കേന്ദ്രങ്ങൾ സജ്ജമാണ്. ഹൗസ്ബോട്ടുകൾ, കാരവൻ ടൂറിസം എന്നിവയിലുടെ മികച്ച അനുഭവങ്ങൾ നേടാനാകും.
വർഷങ്ങൾക്കുശേഷമാണ് കാരവൻ ടൂറിസം എന്ന പുതിയ പദ്ധതി സർക്കാർ നടപ്പിലാക്കുന്നത്. മികച്ച നിക്ഷേപ സാധ്യതകളാണ് ടൂറിസം മേഖലയിലുള്ളത്. റെസ്പോൺസിബിൾ ടൂറിസത്തിന് ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് മികച്ച അംഗീകാരം ലഭിക്കുന്നുണ്ട്. കേരളത്തിൻറെ ടൂറിസ്റ്റ് സാധ്യതകളെ ഉപയോഗപ്പെടുത്തി വെൽനസ് ടൂറിസം പ്രോത്സാഹിപ്പിക്കുവാൻ യുഎഇയിലെ മലയാളികൾ ശ്രദ്ധിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് ടൂറിസം രംഗത്ത് മികച്ച മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞു. പൊതു- സ്വകാര്യ പങ്കാളിത്തം നല്ല നിലയിൽ കൊണ്ടുവരാനാണ് ആലോചിക്കുന്നത്. ഉത്തരവാദിത്വ ടൂറിസത്തിന്റെ ഭാഗമായി കേരളത്തിലെ യുവജനങ്ങളെ കൂടി പങ്കെടുപ്പിച്ചുകൊണ്ട് ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താനാണ് ആലോചിക്കുന്നത്. ഇതിനായി യുവജന ക്ളബ്ബുകളും, കാമ്പസ്സുകളും, യൂണിവേഴ്സിറ്റികളും കേന്ദ്രീകരിച്ചു കൊണ്ട് ടൂറിസം ക്ളബ്ബുകളും സർക്കാരിന്റെ പദ്ധതികളാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.