24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • അരികിൽ ആനക്കൂട്ടവും കരടികളും പിന്മാറാതെ രക്ഷാപ്രവർത്തനം; ഇതാണ് പട്ടാളം.
Kerala

അരികിൽ ആനക്കൂട്ടവും കരടികളും പിന്മാറാതെ രക്ഷാപ്രവർത്തനം; ഇതാണ് പട്ടാളം.


പകൽപോലും ആളനക്കമില്ലാത്ത മലയടിവാരത്തിൽ സന്ധ്യമയങ്ങിയാൽ ഇരുളും മഞ്ഞും നിറയുന്നതിനൊപ്പം കാട്ടാനക്കൂട്ടവും കരടികളും സജീവമാവും. രണ്ടുരാത്രി ഭക്ഷണവും വെള്ളവുമില്ലാതെ നിസ്സഹായാവസ്ഥയിലായ ബാബുവിനെ രക്ഷിക്കാൻ ഇറങ്ങിത്തിരിച്ച രക്ഷാസംഘം പക്ഷേ, മൃഗങ്ങളുടെ സാന്നിധ്യമറിഞ്ഞിട്ടും രക്ഷപ്പെടാനോ മാറിനിൽക്കാനോ തയ്യാറായില്ല. അവർ ദൗത്യം തുടർന്നു.

കുത്തനെയുള്ള ചെരുവിൽ അടിതെറ്റാതെ നോക്കണം. പതിയിരിക്കുന്ന അപകടങ്ങൾ പലതരത്തിലാണെന്ന ജാഗ്രത സദാ വേണം. വിഷപ്പാമ്പുകളും പുലിയുമെല്ലാം ഈ വഴിയുണ്ട്. പോകുന്നവഴി കരടിക്കൂട്ടത്തെ കണ്ടതിനാൽ സംഘത്തിന് മാറിസഞ്ചരിക്കേണ്ടി വന്നെന്ന് മലകയറിയ സന്നദ്ധപ്രവർത്തകർ പറഞ്ഞു. മലമുകളിലെത്തുന്നതിനു തൊട്ടുതാഴെയാണ് രക്ഷാപ്രവർത്തകർ തങ്ങിയത്.

രാത്രി വീണ്ടും കാട്ടാനയുടെ ശബ്ദം കേട്ടു. എന്നാൽ, മഞ്ഞുമലകളിലും ദുർഘട പർവതങ്ങളിലും പരിചയിച്ച സൈനികർക്ക് ആ വെല്ലുവിളികൾ നേരിടാൻ പ്രയാസമുണ്ടായില്ല. എങ്കിലും വളരെ മുൻകരുതലോടെയാണ് ദൗത്യം പൂർത്തിയാക്കിയതെന്ന് ബെംഗളൂരു െറജിമെന്റിലെ കേണൽ ശേഖർ അത്രി പറഞ്ഞു.

*ഒടുവിൽ ജീവിതത്തിലേക്ക്*

വ്യത്യസ്തസമയങ്ങളിലെത്തിയ സൈനികസംഘങ്ങളും ദേശീയ ദുരന്തനിവാരണ, സന്നദ്ധപ്രവർത്തകരും രാത്രി മൂന്നോടെ മുകളിലെത്തി സാഹചര്യങ്ങൾ മനസ്സിലാക്കി രക്ഷാപ്രവർത്തന പദ്ധതി ആസൂത്രണം ചെയ്തു. ബാബു ഇരിക്കുന്ന സ്ഥലം കൃത്യമായി മനസ്സിലാക്കുകയായിരുന്നു ആദ്യനീക്കം. ഡ്രോണുകൾ പറത്തി അപകടസാധ്യതയും മനസ്സിലാക്കി. ഇതിനിടെ രക്ഷാദൗത്യത്തിന് ആവശ്യമായ വെള്ളവും ഭക്ഷണവും ഉറപ്പുവരുത്തണമായിരുന്നു.

ബുധനാഴ്ച പകൽവെളിച്ചം എത്തുംമുമ്പേ രക്ഷാപ്രവർത്തനം തുടങ്ങി. റോപ്പ് സ്ഥാപിക്കാനുള്ള ഒരുക്കം പുരോഗമിച്ചു. കാറ്റിന്റെ ദിശാമാറ്റമനുസരിച്ച് ബാബുവിന്റെ ശബ്ദം ഇടയ്ക്കിടെ മാത്രമാണ് കേൾക്കുന്നത്. ഏറെ സമയമെടുത്ത് കയർ കെട്ടിയെങ്കിലും ബാബുവിന്റെ അടുത്തെത്തുക എളുപ്പമല്ലായിരുന്നു.

വിശന്നുതളർന്നിരിക്കുന്ന ബാബുവിന് അല്പം വെള്ളമെത്തിക്കണം. ഒടുവിൽ രാവിലെ 8.40-ന് സാഹസികമായി സൈനികർ ബാബുവിന് അടുത്തെത്തി വെള്ളംകൊടുത്തു. ആ സമയം ബാബുവിന്റെ കണ്ണിലെ സന്തോഷം തങ്ങൾക്കും ഏറെ ആശ്വാസമേകുന്നതായിരുന്നുവെന്ന് സൈനികൻ ബാലകൃഷ്ണൻ പറഞ്ഞു.

ബാബുവിനെ ബാലകൃഷ്ണൻ തന്റെ മടിയിലിരുത്തി വയറിനോടു ചേർത്ത് സുരക്ഷാബെൽറ്റുകൾ മുറുക്കിക്കെട്ടി പതിയെ കയർ വലിച്ചാണ് മുകളിലെത്തിച്ചത്.

*ഇതാണ് പട്ടാളം…*

പാലക്കാട്: ”ഇതാണ് പട്ടാളം…” -ആവേശഭരിതമായ ശബ്ദമുയർന്നത് മാട്ടുമന്തയിലെ ചായക്കടയിലെ മേശയ്ക്കുചുറ്റുംനിന്നാണ്. ചായഗ്ലാസുകൾ മേശപ്പുറത്തുവെച്ച് ചുമട്ടുതൊഴിലാളികളുടെ ശബ്ദമുയർന്നു. മലമ്പുഴ കൂർമ്പാച്ചിമലയിലെ മലയിടുക്കിൽനിന്ന് ബാബുവിനെ സൈനികർ രക്ഷപ്പെടുത്തി മലമുകളിലേക്കു കയറ്റിയെന്ന വാർത്ത ടെലിവിഷൻ ചാനലുകളിൽ തെളിഞ്ഞപ്പോഴാണ് സേനയെക്കുറിച്ചുള്ള പൗരന്മാരുടെ അഭിമാനം വാനോളമുയർന്നത്.

മാട്ടുമന്തയിൽനിന്നു മാത്രമായിരുന്നില്ല ആ അഭിമാനസ്വരം. നാടാകെ അഭിമാനംകൊണ്ട ദിനമാണ് കടന്നുപോയത്. സാമൂഹിക മാധ്യമങ്ങളുടെ ചുവരുകൾ പട്ടാളത്തിനും രക്ഷാപ്രവർത്തകർക്കും സല്യൂട്ടുകൾ തീർക്കുമ്പോൾ ടെലിവിഷൻ സ്ക്രീനിൽ കൂർമ്പാച്ചി മലമുകളിൽ ബാബു, തന്നെ രക്ഷപ്പെടുത്തിയ പട്ടാളക്കാരെ ചേർത്തുപിടിച്ച് ഉമ്മവെച്ചു.

ഇതിലും ദുഷ്കരമായ രക്ഷാദൗത്യങ്ങൾ മികവോടെ പൂർത്തിയാക്കിയ ചരിത്രം ഇന്ത്യൻ സേനയ്ക്ക് ഒട്ടേറെയുണ്ട്. എന്നാൽ, ഇവിടെ ഒരൊറ്റ ജീവൻ എത്രമാത്രം വിലപ്പെട്ടതായി രാജ്യം കാണുന്നുവെന്നത് സൈനികരുടെ സമർപ്പണബുദ്ധിയിലൂടെ ലോകത്തിന് ഒന്നുകൂടി ബോധ്യമായി.

Related posts

വിപണനം ചെയ്യുന്ന മരുന്നിൽ 
20% ആന്റിബയോട്ടിക്‌

Aswathi Kottiyoor

പത്ത്‌ വീടുകൾ കേന്ദ്രീകരിച്ച് ഹൗസ് കമ്മിറ്റി രൂപവത്കരിക്കാൻ സി.പി.എം.

Aswathi Kottiyoor

ഹജ്ജ് തീർഥാടകർക്ക് ആശ്വാസം; ലഗേജുകൾ ഇനി താമസ സ്ഥലങ്ങളിലെത്തിക്കും; പുതിയ സൗകര്യങ്ങൾ ഇങ്ങനെ

Aswathi Kottiyoor
WordPress Image Lightbox