സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ ഇന്ന് അവലോകന യോഗം ചേരും. ഉച്ചകഴിഞ്ഞ് മൂന്നിനാണ് യോഗം. നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളിൽ മാറ്റം വരുത്തുന്നതു സംബന്ധിച്ച് യോഗം ചർച്ച ചെയ്യും. കോവിഡ് വ്യാപനത്തിനു നേരിയ ശമനമുണ്ടായ സാഹചര്യത്തിൽ ഞായറാഴ്ച ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഒഴിവാക്കുമെന്നാണ് സൂചന.
ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ കണക്കുകളുടെ അടിസ്ഥാനത്തിൽ ജില്ലകളെ കാറ്റഗറിയായി തിരിച്ച് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ തുടരും. പ്രതിദിന കോവിഡ് വ്യാപനവും ഗുരുതര രോഗം ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും കഴിഞ്ഞയാഴ്ചത്തെ അപേക്ഷിച്ച് കുറവുണ്ടായെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ എ, ബി, സി കാറ്റഗറിയായി തിരിച്ചിരിക്കുന്ന ജില്ലകളിൽ മാറ്റമുണ്ടായേക്കും.
അതേസമയം, ഒന്നു മുതൽ ഒൻപത് വരെയുള്ള ക്ലാസുകൾ വൈകുന്നേരം വരെയാക്കുമോയെന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടായേക്കും. ഈ വിഷയം ചർച്ച ചെയ്യുന്നതിനായി വിദ്യാഭ്യാസ വകുപ്പിന്റെ ഒരു ഉന്നതതല യോഗം തിങ്കളാഴ്ച നടന്നെങ്കിലും തീരുമാനമുണ്ടായിരുന്നില്ല. ഈ മാസം 14 മുതലാണ് ഒന്നു മുതൽ ഒൻപത് വരെയുള്ള വിദ്യാർഥികൾക്ക് ഓഫ് ലൈൻ ക്ലാസുകൾ തുടങ്ങുന്നത്.