ഏതാനും മാസം മുന്‍പാണ് വിനീത ഈ സ്ഥാപനത്തില്‍ ജോലിക്ക് കയറിയത്. ഞായറാഴ്ച കട അവധി ആയിരുന്നെങ്കിലും ചെടികള്‍ക്ക് വെള്ളം നനയ്ക്കാന്‍ എത്തണമെന്ന് സ്ഥാപന ഉടമ പറഞ്ഞതനുസരിച്ചാണ് വിനീത എത്തിയത്. ഉച്ചയ്ക്ക് സ്ഥാപനത്തില്‍ ചിലര്‍ ചെടി വാങ്ങാനെത്തിയിരുന്നു. എന്നാല്‍ കടയില്‍ ആരെയും കണ്ടില്ല. ഇതോടെ സ്ഥാപന ഉടമ തോമസ് മാമനെ വിളിച്ചു ചോദിച്ചു. ഇദ്ദേഹം പല തവണ ഫോണ്‍ വിളിച്ചിട്ടും വിനീത എടുക്കാതായതോടെ ഉടമ നേരിട്ട് സ്ഥലത്തെത്തി. എന്നാല്‍ വിനീതയെ കണ്ടെത്താനായില്ല. തുടര്‍ന്ന് മറ്റൊരു ജീവനക്കാരിയായ സുനിതയെയും വിളിച്ചുവരുത്തി രണ്ടാമത് നടത്തിയ തിരച്ചിലിലാണ് വിനീതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പുറകുവശത്ത് ചെടികള്‍ക്കിടയില്‍ വലകൊണ്ട് മൂടിയ നിലയിലായിരുന്നു മൃതദേഹം. ഇവര്‍ ഉടന്‍തന്നെ പോലീസ് കണ്‍ട്രോള്‍റൂമില്‍ വിളിച്ച് വിവരമറിയിച്ചു.
വിനീതയുടെ ഭര്‍ത്താവ് സെന്തില്‍ കുമാര്‍ രണ്ടു വര്‍ഷം മുന്‍പ് ഹൃദ്രോഗത്തെ തുടര്‍ന്ന് മരിച്ചിരുന്നു. സംഭവം അറിഞ്ഞ് വിനീതയുടെ അച്ഛന്‍ വിജയനും അമ്മ രാഗിണിയും സ്ഥലത്തെത്തി. മകളുടെ കഴുത്തില്‍ നാല് പവന്റെ താലിമാല ഉണ്ടായിരുന്നതായി അമ്മ പോലീസിനോട് പറഞ്ഞു. മൃതദേഹത്തില്‍ ഈ മാല ഉണ്ടായിരുന്നില്ല. അതേസമയം ചിട്ടി പിടിച്ച ഇരുപത്തിയയ്യായിരം രൂപ വിനീതയുടെ ബാഗില്‍ തന്നെയുണ്ടായിരുന്നു. പുല്ല് ചെത്തുന്ന കത്തി ഉപയോഗിച്ചാണ് കുത്തിയതെന്നാണ് പോലീസ് നിഗമനം.
വിദ്യാര്‍ഥികളായ അക്ഷയ് കുമാര്‍, അനന്യ എന്നിവരാണ് മരിച്ച വിനീതയുടെ മക്കള്‍. സംഭവമറിഞ്ഞ് സിറ്റി പോലീസ് കമ്മിഷണര്‍ ജി.സ്പര്‍ജന്‍കുമാര്‍ സ്ഥലത്തെത്തി. ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. സംഭവം നടന്ന സ്ഥാപനത്തില്‍ സി.സി.ടി.വി. ക്യാമറ ഉണ്ടായിരുന്നില്ല. പരിസരത്തെ സി.സി.ടി.വി. ക്യാമറകള്‍ പേരൂര്‍ക്കട പോലീസ് പരിശോധിക്കുന്നുണ്ട്.