കണ്ണൂർ: ഗര്‍ഭാശയ കാന്‍സര്‍ പ്രതിരോധിക്കാനുള്ള ചെലവ് കുറഞ്ഞതും സാധാരണക്കാര്‍ക്ക് പ്രാപ്യവുമായ ഇന്ത്യന്‍ നിര്‍മിത എച്ച്പിവി വാക്സിന് ഉടന്‍ ലഭ്യമായി തുടങ്ങുമെന്ന് പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിലെ എച്ച്പിവി വാക്സിന് ഗവേഷണവിഭാഗത്തിന്റെ ചുമതലയുള്ള ശാസ്ത്രജ്ഞന്മാരായ ഡോ. ഹിറ്റ് ഷര്‍മ്മയും എക്സിക്യൂട്ടിവ് ഡയറക്ടര്‍കൂടിയായ ഡോ. ഉമേഷ് ഷാലിഗ്രാമും പറഞ്ഞു.
കണ്ണൂര്‍ മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടന്ന ‘ഗര്‍ഭാശയ-ഗള കാന്‍സറും എച്ച്പിവി വാക്സിനും അറിഞ്ഞിരിക്കേണ്ടതെല്ലാം’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള വെബിനാറിൽ മുഖ്യാതിഥികളായി പ്രസംഗിക്കുകയായിരുന്നു ഇരുവരും. വിദേശനിര്‍മിത വാക്സിന് പോലെതന്നെ മികച്ചതും നൂറു ശതമാനം സുരക്ഷിതവുമായ വാക്സിനാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്നത്.
നിലവില്‍ ഇന്ത്യയില്‍ കേരളത്തിലടക്കം ലഭ്യമായിട്ടുള്ളത് 2500-3000 രൂപവരെ ഒരു ഡോസിനു ചെലവ് വരുന്ന വിദേശനിര്‍മിത വാക്സിനാണ്. ഇത് സാധാരണക്കാര്‍ക്ക് പ്രാപ്യമല്ലാത്തതിനാല്‍ വാക്സിന്റെ നേട്ടം ജനങ്ങളില്‍ എത്താത്ത സാഹചര്യം നിലനില്‍ക്കുകയാണ്. 2030 ഓടെ ഗര്‍ഭാശയ-ഗള കാന്‍സര്‍ നിര്‍മാര്‍ജനം എന്ന ലോകാരോഗ്യസംഘടനയുടെ ലക്ഷ്യപ്രാപ്തിക്ക് എല്ലാ പെണ്‍കുട്ടികളെയും വിവാഹപ്രായത്തിനുമുന്പ് വാക്സിനേറ്റ് ചെയ്യുക വഴി മാത്രമേ സാധ്യമാകുകയുള്ളൂ.
സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വിലകുറഞ്ഞ ഇന്ത്യന്‍ വാക്സിന് ലഭ്യമാകുന്നതോടെ നാഷണല്‍ ഇമ്മ്യൂണൈസേഷന്‍ പ്രോഗ്രാമില്‍ ഇത് ഉള്‍പ്പെടുത്താനുള്ള നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഉണ്ടാകും. നിലവില്‍ ഓരോ വര്‍ഷവും രാജ്യത്ത് ഒരു ലക്ഷം അമ്മമാരെയാണ് ഗര്‍ഭാശയ-ഗള കാന്‍സര്‍ ബാധിക്കുന്നത്. അതില്‍ 60000 പേര് പ്രതിവര്‍ഷം മരിക്കുന്നു. പൂര്ണനിവാരണം സാധ്യമായ ഗര്‍ഭാശയ-ഗള കാന്സര്മൂലമാണിത് സംഭവിക്കുന്നത് എന്നതും ഗൗരവകരം തന്നെയാണ്. -ഡോ. ഹിറ്റ് ഷര്‍മ്മയും ഡോ. ഉമേഷ് ഷാലിഗ്രാമും ചൂണ്ടിക്കാട്ടി.
ചടങ്ങിൽ കണ്ണൂര്‍ മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി പ്രസിഡന്റ് ഡി. കൃഷ്ണനാഥ പൈ അധ്യക്ഷത വഹിച്ചു. എംസിസിഎസ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ.വി.സി. രവീന്ദ്രന് വിഷയാവതരണം നടത്തി.
ബ്രസ്റ്റ് കാന്‍സര്‍ ബ്രിഗേഡ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സുചിത്ര സുധീര്‍, ഐഎംഎ തലശേരി പ്രസിഡന്റ് ഡോ. മിനി ബാലകൃഷ്ണന്, എംസിസിഎസ് വൈസ് പ്രസിഡന്റുമാരായ ഡോ.ബി.വി. ഭട്ട്, മേജര്‍ പി. ഗോവിന്ദന്, ജോയിന്‍ സെക്രട്ടറി ദിലീപ് കുമാര്‍, ലയണ്‍സ് ക്ലബ് നിയുക്ത ഗവര്‍ണര്‍ ഡോ.പി. സുധീര്‍, പാനൂര്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് ബിജോയ്, ലയണ്‍ ഗീത കൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
15ഓളം വിദ്യാലയങ്ങളിലെ വിദ്യാര്‍ഥിനികള്‍, ഡോക്ടര്‍മാര്‍, അധ്യാപകര്‍, വൈസ്മെന്‍, ലയണ്‍സ് ക്ലബ് അംഗങ്ങള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.