കണ്ണൂര്‍: സംസ്ഥാനത്ത് വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ പരിക്കേറ്റവരില്‍ ഏറ്റവും കൂടുതല്‍ കണ്ണൂര്‍ ജില്ലക്കാര്‍. കഴിഞ്ഞ ആറു വര്‍ഷത്തെ കണക്കുകൾ പ്രകാരം കണ്ണൂരില്‍ 1300 പേര്‍ക്കാണു കാട്ടാനയുള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ പരിക്കേറ്റത്.
2016 മുതല്‍ സംസ്ഥാനത്ത് വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്കും പരിക്കേറ്റവര്‍ക്കും നഷ്ടപരിഹാരമായി അനുവദിച്ചത് ആകെ 22 കോടിയോളം രൂപ മാത്രമാണ്. ഇവര്‍ക്കു നല്‍കേണ്ട നഷ്ടപരിഹാരത്തുക വര്‍ഷങ്ങളായി കുടിശികയാണ്.
നിരവധി പേര് അപേക്ഷ നൽകി കാത്തിരിക്കുന്പോഴും നാമമാത്രം ആളുകൾക്കാണു നഷ്ടപരിഹാര തുക നല്‍കിയിട്ടുള്ളത്. ഏറ്റവും കൂടുതല്‍ പരിക്കേറ്റവരുള്ള കണ്ണൂർ ജില്ലയിൽ നഷ്ടപരിഹാരമായി ആറു കോടിയോളം രൂപയാണു നല്‍കിയത്. വന്യജീവികളുടെ ആക്രമണത്തില്‍ ഏറ്റവും കൂടുതല്‍ പേര് മരിച്ചത് പാലക്കാടാണ്. 43പേരാണ് 2016 മുതല്‍ 2021 നവംബർ വരെയുള്ള കണക്കുപ്രകാരം പാലക്കാട് ജില്ലയിൽ മരിച്ചത്.
കണ്ണൂരില്‍ കാട്ടാനകള്‍ ഉള്‍പ്പെടെയുള്ള വന്യജീവികളുടെ ആക്രമണത്തെ തുടര്‍ന്ന് മരിച്ചത് 12 പേരാണ്. വയനാട് 25, ഇടുക്കി 24, മലപ്പുറം 17, തൃശൂര്‍ 11 എന്നിങ്ങനെയാണ് വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മറ്റു ജില്ലകളിലെ കണക്ക്.
വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് പത്തു ലക്ഷം രൂപയും വന്യജീവി ആക്രമണത്തില്‍ പരിക്കേറ്റ് സ്ഥായിയായ അംഗഭംഗം സംഭവിച്ചവര്‍ക്ക് രണ്ടു ലക്ഷം രൂപയും പരിക്കേല്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ മെഡിക്കല്‍ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ പരമാവധി ഒരു ലക്ഷം രൂപയുമാണ് നഷ്ടപരിഹാര തുക. പട്ടികവര്‍ഗക്കാര്‍ക്ക് ചികിത്സയ്ക്കായി മുഴുവന്‍ തുകയും നല്‍കുമെന്നാണു സര്‍ക്കാര്‍ വാദം.