കണ്ണൂര്‍: അങ്കണവാടികളുടെ പ്രവര്‍ത്തനവിവരങ്ങള്‍ രേഖപ്പെടുത്താന്‍ ജീവനക്കാർക്ക് അനുവദിച്ച കോമണ്‍ ആപ്ലിക്കേഷന്‍ സോഫ്റ്റ്വെര്‍ (കാസ്) അടങ്ങിയ ഫോണ്‍ പണിമുടക്കുന്നത് പതിവായതോടെ ദുരിതത്തിലായി അങ്കണവാടി അധ്യാപികമാർ.
ജീവനക്കാർ ദിവസേന കൈകാര്യം ചെയ്യുന്ന 11 ഓളം രജിസ്റ്ററുകളില്‍ രേഖപ്പെടുത്തുന്ന വിവരങ്ങള്‍ കാസ് ഫോണില്‍ അപ്ലോഡ് ചെയ്യാന്‍ സാധിക്കാത്തതാണ് ജീവനക്കാരെ ദുരിതത്തിലാക്കുന്നത്. ഇതോടെ കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്താത്തതിനാൽ ഇവര്‍ക്ക് മാസത്തില്‍ ലഭിക്കേണ്ട പെര്‍ഫോമന്‍സ് അലവന്‍സും നിലച്ചു. സോഫ്റ്റ്വെര്‍ പണിമുടക്കുന്നത് അധികൃതരെ അറിയിച്ചിട്ടും ഇതുവരെ പരിഹാരമുണ്ടായിട്ടില്ല.
2019ലാണ് അങ്കണവാടി അധ്യാപികമാർക്ക് സര്‍ക്കാര്‍ കാസ് ഫോണ്‍ അനുവദിച്ചത്. അങ്കണവാടി പരിധിയില്‍ വരുന്ന കുടുംബവിവര രജിസ്റ്റര്‍, പ്രതിദിന ഭക്ഷണ രജിസ്റ്റര്‍, ഭവന സന്ദര്‍ശന രജിസ്റ്റര്‍, പ്രതിരോധ കുത്തിവയ്പ് രജിസ്റ്റര്‍ തുടങ്ങി 11 രജിസ്റ്ററുകളാണ് അങ്കണവാടികളിൽ എഴുതിസൂക്ഷിക്കേണ്ടതിനൊപ്പം കാസ് ഫോണില്‍ അപ്ലോഡ് ചെയ്യേണ്ടത്. ഐസിഡിഎസ് ഓഫീസുകളിലെ നാഷണല്‍ ന്യൂട്രീഷ്യന്‍ മിഷന് കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കാണ് രജിസ്റ്റര്‍ വിവരങ്ങള്‍ നല്‍കേണ്ടത്.
തുടക്കത്തില്‍ കോം കെയര്‍ എല്‍ടിഎസ് എന്ന സോഫ്റ്റ്വെർ ഉപയോഗിച്ചാണ് രജിസ്റ്റര്‍ വിവരങ്ങള്‍ കാസ് ഫോണ്‍ വഴി നല്കിവന്നത്. എന്നാല്‍ ഇപ്പോള്‍ സോഫ്റ്റ്വെര്‍ മാറി പോഷന്‍ ട്രാക്കറിലാണ് ചെയ്യേണ്ടത്. ഇതാണു പ്രശ്നങ്ങള്‍ക്ക് കാരണം. കൂടാതെ ഇത്തരത്തില്‍ നല്കിയ ഫോണുകള്‍ക്ക് തീരെ ഗുണനിലവാരമില്ലെന്നും ആക്ഷേപമുണ്ട്.
സെര്‍വര്‍ സ്ലോ ആകുന്നതുകാരണം ഒന്നും ചെയ്യാന്‍ സാധിക്കാത്ത സാഹചര്യമാണ്. കാസ് ഫോണില്‍ അപ്ലോഡ് ചെയ്യുന്ന വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ജീവനക്കാർക്ക് പെര്‍ഫോമന്‍സ് അലവന്‍സ് നല്‍കിവരുന്നത്. സെര്‍വര്‍ പണിമുടക്കിലായതോടെ ജീവനക്കാർ ചെയ്യുന്ന ജോലിക്ക് വേതനം ലഭിക്കാത്ത അവസ്ഥയാണ്.
കാസ് ഫോണിന്റെ സെര്‍വര്‍ തകരാര്‍ പരിഹരിച്ച് പ്രശ്നത്തിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുകയാണ്. കുടിശികയായ പെര്‍ഫോമന്‍സ് അലവന്‍സ് മാര്‍ച്ചിനു മുമ്പ് നല്‍കുക, നിലവിലെ ഫോണ്‍ മാറ്റി നല്‍കുക, ക്ഷേമപെന്ഷന് എത്രയും പെട്ടെന്ന് നല്‍കുക, ക്ഷേമനിധിയിലേക്ക് സര്‍ക്കാര്‍ വെട്ടിക്കുറച്ച തുക പുനഃസ്ഥാപിക്കുക, അങ്കണവാടി ജീവനക്കാരുടെ മക്കള്‍ക്ക് ലഭിച്ചിരുന്ന ആനുകൂല്യം പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്.
നടപടിയില്ലെങ്കില്‍ സമരപരിപാടികളുമായി മുമ്പോട്ടുപോകുമെന്ന് ഇന്ത്യന്‍ നാഷണല്‍ അങ്കണവാടി എംപ്ലോയീസ് യൂണിയന് (ഐഎന്‍ടിയുസി) കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എ.എം. വിജയന് പത്രസമ്മേളനത്തില്‍ അറിയിച്ചു.
ജനറൽ സെക്രട്ടറി രേഖ ജേക്കബ്, വൈസ് പ്രസിഡന്റുമാരായ സി. പ്രസീത, കെ.സി. സ്മത, കെ.വി. ശ്യാമള എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അനിശ്ചിതത്വത്തിലായി ക്ഷേമ പെന്‍ഷനും
അങ്കണവാടി ജീവനക്കാരുടെ ക്ഷേമ പെന്‍ഷനും അനിശ്ചിതത്വത്തിലാണ്. പത്തു മാസത്തിലേറെയായി ഇവര്‍ക്ക് ക്ഷേമപെന്ഷന് മുടങ്ങിയിട്ട്. സംസ്ഥാനത്ത് 33,115 അങ്കണവാടികളിലെ ജീവനക്കാര്‍ ക്ഷേമനിധിയിലേക്ക് അംശദായമായി 500, 250 എന്നിങ്ങനെ 2,48,36250 രൂപ വര്‍ഷത്തില്‍ അടയ്ക്കുന്നുണ്ട്. എന്നാല്‍ സര്‍വീസില്‍നിന്നു വിരമിക്കുമ്പോള്‍ ഇവര്‍ വെറുംകൈയോടെ മടങ്ങേണ്ട സ്ഥിതിയാണ്. മാത്രമല്ല ക്ഷേമനിധി തുക സര്‍ക്കാര്‍ വെട്ടിക്കുറയ്ക്കുകയും ചെയ്തു. ജീവനക്കാര്‍ക്ക് ഒരു ലക്ഷം വരുമാനപരിധി നിശ്ചയിച്ചതോടെ അര്‍ഹതപ്പെട്ട മറ്റ് ആനുകൂല്യങ്ങളിൽനിന്ന് ഒഴിവാക്കപ്പെടുകയാണ്.