കൊച്ചി ∙ ഇരുചക്ര, മുച്ചക്ര വാഹനങ്ങൾക്കായി സംസ്ഥാനത്ത് കെഎസ്ഇബി 1140 പോൾ മൗണ്ടഡ് വൈദ്യുതി ചാർജിങ് പോയിന്റുകൾ ആരംഭിക്കും. ഓരോ നിയോജക മണ്ഡലത്തിലും 5 വീതം പോയിന്റുകൾ ആരംഭിക്കാനാണു തീരുമാനം. ഇതിനു പുറമേ കാറുകൾ ഉൾപ്പെടെ ഇടത്തരം വാഹനങ്ങളുടെ ചാർജിങ്ങിനായി 62 അതിവേഗ ചാർജിങ് സെന്ററുകളും ആരംഭിക്കും. 6 ചാർജിങ് സെന്ററുകൾ ഇതിനകം തുടങ്ങി.കോഴിക്കോട് നഗരത്തിൽ ആരംഭിച്ച പോൾ മൗണ്ടഡ് ചാർജിങ് സ്റ്റേഷനുകൾ വിജയമെന്നു കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ഓരോ മണ്ഡലത്തിലും തുടങ്ങുന്നത്. കോർപറേഷനുകളിൽ 10 വീതം സ്റ്റേഷനുകൾ ആരംഭിക്കും. യൂണിറ്റിന് 10.60 രൂപയ്ക്ക് ഇവിടെ വാഹനങ്ങൾ ചാർജ് ചെയ്യാം. ഉപയോഗിച്ച വൈദ്യുതി അടിസ്ഥാനപ്പെടുത്തി ഓൺലൈനായി പണം നൽകാം.
15 മിനിറ്റുകൊണ്ട് കാറുകൾ ഫുൾ ചാർജ് ചെയ്യാവുന്ന സ്റ്റേഷനുകളിൽ യൂണിറ്റിന് 15.34 രൂപയാണ് ഇൗടാക്കുന്നത്. 5 രൂപ വൈദ്യുതി ചാർജും 2.80 ഫിക്സഡ് ചാർജും 5.20 സർവീസ് ചാർജും 2.34 രൂപ ജിഎസ്ടിയും ആണ്.
തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, കൊച്ചി, തൃശൂർ, കണ്ണൂർ ജില്ലകളിൽ ഇതിനകം ഓരോ ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകൾ ആരംഭിച്ചിട്ടുണ്ട്. 200 സ്റ്റേഷനുകൾ ആരംഭിക്കാനായിരുന്നു തീരുമാനമെങ്കിലും വൈദ്യുതി വാഹനങ്ങൾ കേരളത്തിൽ വ്യാപകമല്ലാത്തതിനാൽ 62 ആയി കുറച്ചു. പുതുതായി സ്ഥാപിക്കുന്ന 30 സ്റ്റേഷനുകൾക്കു 33% തുക കേന്ദ്ര സബ്സിഡി ലഭിക്കും.
സംസ്ഥാനത്തിന്റെ വൈദ്യുതി വാഹന പ്രോത്സാഹന നയത്തിന്റെ ഭാഗമായാണ് 26 സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്. ഇതിന് 8.2 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. എന്നാൽ ഇതുവരെ 5 കോടിയേ ചെലവിട്ടിട്ടുള്ളൂ. എറണാകുളം ജില്ലയിൽ വൈറ്റില, കളമശേരി, പറവൂർ, മൂവാറ്റുപുഴ, അങ്കമാലി എന്നിവിടങ്ങളിൽ പുതുതായി ചാർജിങ് സ്റ്റേഷനുകൾ വരും.