കോഴിക്കോട്: വന്‍ ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് വിവാദമായ വെള്ളയില്‍ മലിനജല സംസ്‌കരണ പ്ലാന്റ് നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ധാരണ. ജനങ്ങളെ പൂര്‍ണമായും വിശ്വാസത്തിലെടുത്ത് മാത്രമേ പദ്ധതിയുമായി മുന്നോട്ട് പോവുകയുള്ളൂവെന്ന് കോര്‍പ്പറേഷന്‍ മേയര്‍ ഡോ.ബീന ഫിലിപ്പ് ഇന്ന് നടന്ന് ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. വെള്ളയില്‍ ആവിക്കല്‍ മലിന ജല പ്ലാന്റ് സ്ഥാപിക്കുന്നതില്‍ വലിയ പ്രതിഷേധമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ഹര്‍ത്താലും പോലീസ് നടപടിയുമെല്ലാം പദ്ധതിയെ വന്‍ വിവാദത്തിലാക്കുകയും ചെയ്തു. തുടര്‍ന്നാണ് സമരസമിതി പ്രതിനിധികളും ജനപ്രതിനിധികളും തമ്മില്‍ കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ വെച്ച് വ്യാഴാഴ്ച പ്രത്യേകം ചര്‍ച്ച നടന്നത്. രാവിലെ പത്തരയ്ക്ക് തുടങ്ങിയ ചര്‍ച്ച രണ്ടര മണിക്കൂറുകളോളം നീണ്ടു. തുടര്‍ന്നാണ് താഴെ തട്ടില്‍ ചര്‍ച്ച നടത്താനും പദ്ധതി പ്രവര്‍ത്തനങ്ങള്‍ അതിന് ശേഷം മുന്നോട്ട് കൊണ്ടുപോയാല്‍ മതിയെന്നും തീരുമാനമായത്.
അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ബീച്ചിലെ വെള്ളയില്‍ ആവിക്കലില്‍ മലിനജലസംസ്‌കരണ പ്ലാന്റ് നിര്‍മിക്കാന്‍ തീരുമാനിച്ചത്. സെപ്റ്റിക് ടാങ്കിലെ മാലിന്യമെടുത്ത് ശുദ്ധമായ വെള്ളവും ഒപ്പം വളവുമാക്കി മാറ്റി സംസ്‌കരിച്ച വെള്ളം തോട്ടിലേക്ക് ഒഴുക്കിക്കളയുന്ന പദ്ധതിയാണ് മലിന ജല സംസ്‌കരണത്തിനൊപ്പം വിഭാവനം ചെയ്തത്. നഗരത്തില്‍ ഏഴെണ്ണം ഇത്തരത്തില്‍ സ്ഥാപിക്കാനാണ് ലക്ഷ്യമിട്ടത്. ഇതിനുള്ള സ്ഥലം കണ്ടെത്താനായി കേരള വാട്ടര്‍ അതോറിറ്റിയുമായി ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്.
പ്ലാന്റ് വന്നാല്‍ പാരിസ്ഥിതികപ്രശ്‌നങ്ങള്‍ ഉണ്ടാവില്ലെന്നും ജനങ്ങള്‍ക്ക് പ്രയാസമുണ്ടാകില്ലെന്നുമാണ് കോര്‍പ്പറേഷന്റെ വിശദീകരണം. തീരമേഖലയിലുള്ള 98,000 പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും കോര്‍പ്പറേഷന്‍ എന്‍ജിനിയറിങ് വിഭാഗം പറയുന്നു. എന്നാല്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന പദ്ധതി വേണ്ടെന്നും പ്ലാന്റ് വെള്ളയിയില്‍നിന്ന് മറ്റു അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
മലിനജലസംസ്‌കരണ പ്ലാന്റുമായി മുന്നോട്ടുപോവുമെന്ന കോര്‍പ്പറേഷന്റെ നടപടിയില്‍ പ്രതിഷേധിച്ച് വെള്ളയില്‍ ജനകീയക്കമ്മിറ്റി ചൊവ്വാഴ്ച മൂന്ന് വാര്‍ഡുകളില്‍ ഹര്‍ത്താല്‍ ആചരിക്കുകയും ചെയ്തിരുന്നു. മൂന്നാലിങ്കല്‍, തോപ്പയില്‍, വെള്ളയില്‍ വാര്‍ഡുകളിലായിരുന്നു ഹര്‍ത്താല്‍.