കണ്ണൂർ: കർഷകരിൽനിന്നു നേരിട്ട് ശേഖരിക്കുന്ന നാടൻ ഉത്പന്നങ്ങളുടെ വിപണിയായ തേജസ്വിനി-ബയോമൗണ്ടൻ ഫാർമേഴ്സ് മാർക്കറ്റ് കണ്ണൂരിൽ പ്രവർത്തനം തുടങ്ങി. തെക്കീബസാറിൽ ആരംഭിച്ച ഫാർമേഴ്സ് മാർക്കറ്റ് മേയർ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്തു. കെ.വി.സുമേഷ് എംഎൽഎ, ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് എന്നിവർ ഫാർമേഴ്സ് മാർക്കറ്റ് സന്ദർശിച്ചു.
മായമില്ലാത്ത തേജസ്വിനി വെളിച്ചെണ്ണ, പച്ചക്കറികൾ, പഴവർഗങ്ങൾ, ഭക്ഷണസാധനങ്ങൾ, മായം കലരാത്ത മസാലക്കൂട്ടുകൾ, കൈപ്പുണ്യമുള്ള അച്ചാറുകൾ, കർഷകർ തയാറാക്കുന്ന ജൈവ വളങ്ങൾ, കാർഷിക ഉപകരണങ്ങൾ, പൂന്തോട്ട സാമഗ്രികൾ എന്നിവ ഇവിടെ ലഭ്യമാണ്. തേൻ, സോപ്പ്, ചായപ്പൊടി, കാപ്പിപ്പൊടി, കപ്പ, ചക്ക എന്നിവയും ഏലം, ജാതിക്ക, ജാതിപത്രി, ഗ്രാന്പൂ, കറുവപ്പട്ട, തക്കോലം, ചുക്ക്, കുരുമുളക്, പുൽത്തൈലം തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളും ഇവിടെ ലഭിക്കും.
വിപണനലാഭം കർഷകർക്കും കുടുംബശ്രീ കൂട്ടായ്മകൾക്കുമായി മാറ്റിവച്ചിരിക്കുന്നതായി തേജസ്വിനി ഫാർമേഴ്സ് പ്രൊഡ്യൂസർ കന്പനി ചെയർമാൻ ഫാ. മാത്യു ആശാരിപറന്പിൽ പറഞ്ഞു. ഹോം ഡെലിവറി ഉടൻ ആരംഭിക്കും. ഫോൺ: 9778486549, 9447607101.