നടപ്പു സാമ്പത്തികവർഷം 9.2ഉം 2022–-23ൽ 8–-8.5ഉം ശതമാനം ജിഡിപി വളർച്ച കൈവരിക്കാനാകുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ തിങ്കളാഴ്‌ച പാർലമെന്റിൽ അവതരിപ്പിച്ച സാമ്പത്തിക സർവേയിൽ അവകാശപ്പെട്ടു. കോവിഡ് സാഹചര്യം, ഇന്ധന വില, ആഗോളതലത്തിലെ പണപ്പെരുപ്പം, പ്രധാന കേന്ദ്ര ബാങ്കുകളുടെ വിപണിയിൽനിന്നുള്ള പണം പിൻവലിക്കൽ തുടങ്ങിയവയെക്കൂടി ആശ്രയിച്ചായിരിക്കും വളർച്ച. കോവിഡ്‌പൂർവ സ്ഥിതിയിലേക്ക് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ മടങ്ങിയെത്തിയതായും സർവേ അവകാശപ്പെടുന്നു.
കയറ്റുമതിയേക്കാൾ ഇറക്കുമതി വലിയ തോതിൽ വർധിച്ചതും മൊത്തവില സൂചിക പ്രകാരമുള്ള വിലക്കയറ്റം രണ്ടക്ക തോതിൽ തുടരുന്നതും വെല്ലുവിളിയാണ്. കറന്റ് അക്കൗണ്ട് കമ്മി നടപ്പുവർഷത്തിന്റെ ആദ്യ പകുതിയിൽ ജിഡിപിയുടെ 0.2 ശതമാനമായി ഉയരാൻ ഇറക്കുമതിയിലെ വർധന കാരണമായി. നടപ്പു സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിലും കറന്റ് അക്കൗണ്ട് കമ്മി വർധിക്കുമെങ്കിലും എഫ്‌ഡിഐ വർധനയിലൂടെയും മറ്റും വിടവ് നികത്താനാകും.
തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള തൊഴിൽ ആവശ്യകത 2019–-20നെ അപേക്ഷിച്ച് 42 ശതമാനം വർധിച്ചു. അസംഘടിത മേഖലയെ കോവിഡ് ഏതുവിധം തകർത്തെന്നതിന് ഉദാഹരണമാണിത്. സാമൂഹ്യസേവന മേഖലയ്‌ക്കുള്ള വിഹിതത്തിൽ വർധനയുണ്ടെന്ന് അവകാശപ്പെടുമ്പോഴും ജിഡിപി അനുപാതം പരിഗണിക്കുമ്പോൾ വർധനയില്ല. വിദ്യാഭ്യാസ മേഖലയ്‌ക്ക് ജിഡിപിയുടെ 3.1 ശതമാനം മാത്രമാണ് നടപ്പുവർഷവും നീക്കിയിരിക്കുന്നത്. കോവിഡ് കാലമായിട്ട് കൂടി ആരോഗ്യ മേഖലയ്‌ക്കുള്ള വിഹിതം ജിഡിപിയുടെ 1.8 ശതമാനത്തിൽനിന്ന് 2.1 ശതമാനം മാത്രമായാണ് വർധിച്ചത്. മറ്റ് സാമൂഹ്യസേവന മേഖലകൾക്കുള്ള വിഹിതം 3.4ൽനിന്ന് 3.3 ശതമാനമായി കുറച്ചു.