ഇരിട്ടി: കുടകിലേക്കു പോകാൻ വളവുപാറയിൽ പാലം യാഥാർത്ഥ്യമായതോടെ കൂട്ടുപുഴയിലെ പഴയ പാലം ഓർമയാകും. കൂടാതെ കൂട്ടുപുഴ ടൗൺ വിസ്മൃതിയിലുമാകും. ബസുകളുൾപ്പെടെ ഏറെ സമയമെടുത്താണ് നന്നേ വീതികുറഞ്ഞ പഴയ പാലത്തിലേക്കു പ്രവേശിച്ച് കുടക് മേഖലയിലേക്ക് പൊയ്ക്കൊണ്ടിരുന്നത്. പേരട്ട ഭാഗത്തുനിന്നു വരുന്ന യാത്രക്കാർ പഴയ പാലത്തിനു സമീപത്തുനിന്നാണ് കുടക് മേഖലയിലേക്ക് പൊയ്ക്കൊണ്ടിരുന്നത്. ഇവിടെനിന്നും മാറി കച്ചേരിക്കടവ് പാലത്തിനു സമീപമാണ് പുതിയ പാലമെന്നതിനാൽ പഴയ കൂട്ടുപുഴ ടൗൺ ഇനി അപ്രസക്തമാകും.
ഇതോടെ ഇവിടെ പ്രവർത്തിക്കുന്ന കച്ചവടക്കാർക്കും വൻ പ്രതിസന്ധിയാണ് മുന്നിലുള്ളത്. ഇരിട്ടി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് നേരെ പുതിയ പാലത്തിലൂടെ മാക്കൂട്ടത്തേക്കു കടക്കാം. പഴയ പാലത്തിലൂടെ ഏറെ സാഹസപ്പെട്ടാണ് വാഹനങ്ങൾ വളവുതിരിഞ്ഞ് പൊയ്ക്കൊണ്ടിരുന്നത്. ഇവിടെ ഗതാഗതക്കുരുക്കും പതിവായിരുന്നു. പുതിയ പാലം ഇതിനെല്ലാം പരിഹാരമാണ്. ബ്രിട്ടീഷുകാർ നിർമിച്ച പഴയ പാലം പൈതൃകസ്മാരകമാക്കാനാണ് തീരുമാനം. ഇതിനൊപ്പം ബ്രിട്ടീഷുകാർ നിർമിച്ച ഇരിട്ടിയിലെ പാലവും ചരിത്രസ്മാരകമാക്കും.