ഇരിട്ടി/ തലശേരി : ഏറെ നാളത്തെ കാത്തിരിപ്പുകൾക്കു ശേഷം കേരള-കര്‍ണാടക അതിര്‍ത്തിയിലെ കൂട്ടുപുഴ പാലവും തലശേരി എരഞ്ഞോളി പുതിയ പാലവും പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നാടിന് തുറന്നുകൊടുത്തു. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ലളിതമായ ചടങ്ങിലാണ് രണ്ടു പാലങ്ങളുടേയും ഉദ്ഘാടനം നടന്നത്.
രണ്ട് സംസ്ഥാനങ്ങളെയും രണ്ട് സംസ്കാരങ്ങളെയും ബന്ധിപ്പിക്കുന്ന കേരള-കര്‍ണാടക അതിര്‍ത്തിയിലെ കൂട്ടുപുഴയില്‍ കേരളം നിര്‍മിച്ച പുതിയ പാലം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, സണ്ണി ജോസഫ് എംഎല്‍എ, വീരാജ്പേട്ട എംഎല്‍എ കെ.ജി. ബൊപ്പയ്യ , കുടക് ജില്ലയില്‍നിന്നുള്ള കര്‍ണാടക ലെജിസ്ലേറ്റീവ് കൗൺസിൽ അംഗം സുജ കുശാലപ്പ, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്, പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി എന്നിവര്‍ തുറന്ന ജീപ്പില്‍ പാലത്തിലൂടെ സഞ്ചരിച്ചാണ് ഉദ്ഘാടനം ചെയ്തത്.
കുടക് ഡിസിസി സെക്രട്ടറി പി.കെ. പ്രിത്യുനാഥ്, ബിജെപി നേതാവ് വത്സന് തില്ലങ്കേരി, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തോമസ് വര്‍ഗീസ്, സിപിഎം ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈൻ, എന്‍. അശോകന്, ഇ.എസ്. സത്യന്, സിബി വാഴക്കാല, വി.വി. ചന്ദ്രന്, എം.ആര്. സുരേഷ്, പ്രിജേഷ് അളോറ, സജിത്ത് ചാവശേരി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. പാലം ഉദ്ഘാടനത്തിനെത്തിയ കുടകിലെ ജനപ്രതിനിധികള്‍ക്ക് ബിജെപി ഇരിട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാലത്തിന് സമീപം സ്വീകരണം നല്കി.
പുതുവർഷദിനത്തിൽ പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും കര്‍ണാടകയിൽനിന്നുള്ള ജനപ്രതിനിധികളെ ക്ഷണിക്കാത്തതിനെതിരേ പ്രതിഷേധം ഉയർന്നതോടെ ചടങ്ങ് മാറ്റുകയായിരുന്നു. ഇത്തവണ പുതിയ തീയതി പ്രഖ്യാപിച്ച് കെഎസ്ടിപി ചീഫ് എൻജിനിയര്‍ ഉദ്ഘാടനവിവരം രേഖാമൂലം വീരാജ്പേട്ട എംഎല്‍എയെയും ബന്ധപ്പെട്ടവരെയും അറിയിക്കുകയായിരുന്നു.
കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രോജക്ടില്‍ ഉൾപ്പെടുത്തി 356 കോടി ചെലവിൽ നിർമിച്ച തലശേരി-വളവുപാറ അന്തര്‍സംസ്ഥാന പാതയുടെ ഭാഗമായാണ് 6.75 കോടി രൂപ ചെലവിൽ കൂട്ടുപുഴയില്‍ പുതിയ പാലം നിര്‍മിച്ചത്. 90 മീറ്റർ നീളത്തിൽ അഞ്ചു തൂണുകളിലായാണ് പാലം നിർമിച്ചത്.
തലശേരി-വളവുപാറ കെഎസ്ടിപി റോഡിൽ ഏഴു പാലങ്ങളാണ് പുതുതായി നിർമിച്ചത്. കൂട്ടുപുഴ, ഇരിട്ടി, ഉളിയിൽ, കളറോഡ്, കരേറ്റ, മെരുവന്പായി, എരഞ്ഞോളി പാലങ്ങളാണിവ. കൂട്ടുപുഴ, എരഞ്ഞോളി പാലങ്ങളും ഇന്നലെ ഗതാഗതത്തിന് തുറന്നുകൊടുത്തതോടെ പാതയുടെ നവീകരണം പൂർത്തിയായിരിക്കുകയാണ്. തലശേരി മുതൽ കളറോഡ് വരെയും കളറോഡ് മുതൽ വളവുപാറവരെയും രണ്ടു റീച്ചുകളായാണ് നിർമാണം പൂർത്തിയാക്കിയത്.