കോഴിക്കോട് ∙ കോവിഡ് ഡെത്ത് ഡിക്ലറേഷൻ സർട്ടിഫിക്കറ്റ് ഇല്ലെങ്കിലും കോവിഡ് മരണത്തിനുള്ള ധനസഹായ അപേക്ഷ വില്ലേജ് ഓഫിസുകൾക്കു സ്വീകരിക്കാമെന്ന് സർക്കാർ. അപേക്ഷ നൽകാത്ത ആശ്രിതരെ വീട്ടിലെത്തി നേരിട്ടുകണ്ട് അപേക്ഷിക്കാൻ ആവശ്യപ്പെടാനും നിർദേശം നൽകിയിട്ടുണ്ട്. ധനസഹായ വിതരണം സംബന്ധിച്ച കേസ് അടുത്ത വെള്ളിയാഴ്ച സുപ്രീം കോടതിയിൽ വരാനിരിക്കെയാണു സർക്കാർ നടപടിക്രമങ്ങൾ ലഘൂകരിച്ചത്.ഈ മാസം 19നു കേസ് പരിഗണിച്ചപ്പോൾ കേരളത്തെ സുപ്രീം കോടതി രൂക്ഷമായി വിമർശിക്കുകയും ഒരാഴ്ചയ്ക്കകം ധനസഹായം കൊടുത്തുതീർക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു. പല സംസ്ഥാനങ്ങളിലും കോവിഡ് മൂലം മരിച്ചവരെക്കാൾ കൂടുതൽ അപേക്ഷ ലഭിച്ചപ്പോൾ കേരളത്തിൽ അപേക്ഷകൾ കുറയുന്നത് എന്തുകൊണ്ടെന്നു ചോദിച്ച കോടതി, സാങ്കേതിക കാര്യങ്ങൾ പറഞ്ഞ് അപേക്ഷ തള്ളരുതെന്ന് ഓർമിപ്പിക്കുകയും ചെയ്തു. കോവിഡ് കണക്കുകളിൽ വീഴ്ച വരുത്തിയ രണ്ടു സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരെ കോടതി വിളിച്ചുവരുത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണു കേരളത്തിൽ നടപടികൾക്കു വേഗമേറുകയും കുരുക്കഴിയുകയും ചെയ്തത്.
നേരത്തേ ജില്ലാ മെഡിക്കൽ ഓഫിസർ ഒപ്പിട്ട കോവിഡ് ഡെത്ത് ഡിക്ലറേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരുന്നു. എന്നാൽ വീട്ടിൽ വച്ചു മരിച്ചവർക്കും കോവിഡ് അനന്തര പ്രശ്നങ്ങൾ മൂലം മരിച്ചവർക്കും മറ്റും ഈ സർട്ടിഫിക്കറ്റ് ലഭിക്കാത്ത സാഹചര്യമുണ്ടായിരുന്നു. ഇതു മൂലം പലർക്കും അപേക്ഷിക്കാനും കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണു സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും പകരം മരിച്ച സമയത്ത് ആശുപത്രിയിൽ നിന്നു നൽകിയ വിവരങ്ങൾ മാത്രം മതിയെന്നും സർക്കാർ നിർദേശം നൽകിയത്.
അപേക്ഷിക്കാൻ ഇനിയും 9000+ പേർ
കേരളത്തിൽ കോവിഡ് ബാധിച്ചു മരിച്ചവരിൽ ഒൻപതിനായിരത്തിലേറെ പേരുടെ അവകാശികൾ ഇനിയും 50,000 രൂപ ധനസഹായത്തിന് അപേക്ഷ നൽകിയിട്ടില്ല. മരിച്ചവരുടെ മുഴുവൻ പേരു വിവരങ്ങൾ ആരോഗ്യ വകുപ്പിൽ നിന്നു ശേഖരിച്ചു പഞ്ചായത്തുകൾക്കു കൈമാറിയിട്ടുണ്ട്. പഞ്ചായത്തുകളുടെ വാട്സാപ് ഗ്രൂപ്പുകളിൽ ഈ വിവരങ്ങൾ പങ്കുവയ്ക്കുകയും അംഗങ്ങൾ വഴി അനന്തരാവകാശികളെ നേരിട്ടു കണ്ട് അപേക്ഷ സമർപ്പിക്കാൻ ആവശ്യപ്പെടുകയുമാണ് ഇപ്പോൾ ചെയ്യുന്നത്.