കണ്ണൂർ: കോവിഡ് ബാധിച്ചു മരിച്ചവരുടെ ബന്ധുക്കൾക്ക് ധനസഹായം ലഭിക്കുന്നതിനായി അർഹരായ മുഴുവൻ പേരും അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന സാക്ഷ്യപത്രം വില്ലേജ് ഓഫീസർമാരും തദ്ദേശസ്ഥാപന സെക്രട്ടറിമാരും ഒപ്പിട്ട് ഇന്നു വൈകുന്നേരം അഞ്ചിന് മുമ്പായി സമർപ്പിക്കണമെന്ന് ജില്ലാകളക്ടർ അറിയിച്ചു. കോവിഡ് ബാധിച്ച് മരിച്ചവരുടെ ലിസ്റ്റിലുള്ളവരുടെ ബന്ധുക്കളിൽ അപേക്ഷ നൽകാത്തവരെ വില്ലേജ് ഓഫീസർമാർ, തദ്ദേശസ്ഥാപന സെക്രട്ടറിമാർ എന്നിവർ ചേർന്നു കണ്ടെത്തി അപേക്ഷ നൽകാൻ നടപടി സ്വീകരിക്കണം.
ധനസഹായം ആവശ്യമില്ലാത്തവരിൽനിന്ന് വില്ലേജ് ഓഫീസർമാർ സാക്ഷ്യപത്രം വാങ്ങണം. അപേക്ഷ സ്വീകരിക്കാൻ ഇന്നുവരെ തദ്ദേശസ്ഥാപനങ്ങൾ ക്യാമ്പുകളായി പ്രവർത്തിക്കും. ഇതിലേക്ക് ആവശ്യമെങ്കിൽ അക്ഷയ സെന്റർ ജീവനക്കാരെ നിയോഗിക്കും.