അഴിമതിക്കാർക്കെതിരേ നടപടിയെടുക്കാനുള്ള ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കാനായി സംസ്ഥാന മന്ത്രിസഭ പാസാക്കിയ ഭേദഗതി ഓർഡിനൻസിൽ ഗവർണർ തീരുമാനമെടുക്കുന്നതു വൈകും.
പ്രതിപക്ഷം ഇന്നലെ ഗവർണറെ കണ്ട് അറിയിച്ച ഭരണഘടനാലംഘന വിഷയത്തിലും രാഷ്ട്രപതിക്ക് അയയ്ക്കണമെന്ന ആവശ്യത്തിലും നിയമ പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാകും ഇക്കാര്യത്തിൽ ഗവർണർ അന്തിമതീരുമാനമെടുക്കുക. ഇന്നലെ വൈകുന്നേരത്തോടെ കൊച്ചിയിലേക്കു പോയ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഇന്നു ലക്ഷദ്വീപിലേക്കു പോകും. ഇവിടെനിന്ന് അടുത്ത ഒന്നിനു മടങ്ങിയെത്തിയ ശേഷമാകും അന്തിമ തീരുമാനമെടുക്കുക. ഗവർണറുടെ നിയമോപദേഷ്ടാക്കളുടെ അഭിപ്രായമാണ് ഇക്കാര്യത്തിൽ തേടുക.
മറുപടി ലഭിക്കുന്ന മുറയ് ക്കുമാത്രമേ രാഷ്ട്രപതിക്ക് അയയ്ക്കേണ്ടതുണ്ടോ, അതോ ഇവിടെ തീരുമാനിക്കാമോ, സർക്കാരിനോടു കൂടുതൽ വിശദീകരണം തേടുന്നതിനായി തിരിച്ചയയ്ക്കേണ്ടതുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ അന്തിമതീരുമാനം എടുക്കുകയുള്ളുവെന്നാണു സൂചന. ഗവർണർ ഒപ്പുവച്ചാൽ മാത്രമേ ഓർഡിനൻസ് നിലവിൽ വരൂ. സർക്കാർ നിലപാടു വിശദീകരിച്ചു നിയമമന്ത്രി പി. രാജീവ് ഗവർണറെ കണ്ടിരുന്നു. നിയമഭേദഗതിക്ക് രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയയ്ക്കേണ്ടതില്ലെന്ന നിയമോപദേശം അദ്ദേഹം ഗവർണറെ അറിയിച്ചു.