ഗൃഹ പരിചരണത്തിൽ അപായ സൂചനകൾ നമുക്ക് തന്നെ തിരിച്ചറിയാനാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ലോകമെമ്പാടും ഒമിക്രോൺ തരംഗത്തെ നേരിടാൻ ഉപയോഗിക്കുന്ന ഫലപ്രദമായ മാർഗമാണ് ഗൃഹ പരിചരണം അഥവാ ഹോം കെയർ. ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തത കൊണ്ടല്ല ഗൃഹ പരിചരണത്തിന് പ്രാധാന്യം കിട്ടുന്നത്. ഒമിക്രോൺ തരംഗത്തിൽ മൂന്ന് ശതമാനം ആളുകൾക്ക് മാത്രമാണ് ആശുപത്രി ചികിത്സ വേണ്ടി വരുന്നുള്ളു.
വലിയ ആരോഗ്യ പ്രശ്‌നങ്ങളില്ലാത്ത ഒരാൾ ആശുപത്രിയിൽ കിടക്കുമ്പോൾ ഉണ്ടാകുന്ന മാനസിക പ്രശ്‌നങ്ങൾ ഒഴിവാക്കാൻ ഗൃഹ പരിചരണത്തിന് സാധിക്കും. അതേസമയം ഗൃഹ പരിചരണത്തിൽ ഇരിക്കുന്ന രോഗികൾ അപായ സൂചനകൾ ശ്രദ്ധിച്ചില്ലെങ്കിൽ രോഗം ഗുരുതരമാകാനുള്ള സാധ്യതയുണ്ട്. 97 ശതമാനം പേർക്കും ഗുരുതരമാകാൻ സാധ്യതയില്ല. എന്നാൽ ന്യൂമോണിയ ഉണ്ടാകാൻ സാധ്യയുള്ള ഈ മൂന്ന് ശതമാനം പേരെ കണ്ട് പിടിച്ച് കൃത്യമായ ചികിത്സ നൽകുകയാണ് ലക്ഷ്യം. ആരോഗ്യ വകുപ്പ് ഗൃഹപരിചരണം സംബന്ധിച്ച് മാർഗരേഖ പുറത്തിറക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ആർക്കൊക്കെ ഗൃഹപരിചരണം പാടില്ല
ഉയർന്ന പ്രമേഹം, രക്താദിസമ്മർദം, ഹൃദ്രോഗം പോലുള്ള അനുബന്ധ രോഗങ്ങളുള്ളവർ ഒരു ഡോക്ടറുടെ നിർദേശമനുസരിച്ച് മാത്രമേ ഗൃഹ പരിചരണം സ്വീകരിക്കാൻ പാടുള്ളൂ. എന്നാൽ അവയവം മാറ്റിവച്ചവർ, എച്ച്‌ഐവി രോഗികൾ, പ്രതിരോധ ശേഷി കുറയ്ക്കുന്ന മരുന്ന് കഴിക്കുന്നവർ എന്നിവർ ഒരു കാരണവശാലും ഗൃഹ പരിചരണത്തിൽ കഴിയരുത്. അവർക്കായി സിഎഫ്എൽടിസി, സിഎസ്എൽടിസി തുടങ്ങിയ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
മറ്റുള്ളവർക്ക് രോഗം പകർത്തരുത്
ഗൃഹ പരിചരണത്തിലുള്ളവർ രണ്ട് കാര്യം ശ്രദ്ധിക്കണം. ഒന്ന് വീട്ടിൽ കൂടെയുള്ളവർക്ക് രോഗം പകരുന്നില്ലെന്ന് ശ്രദ്ധിക്കണം. രണ്ടാമത് അപായ സൂചനകൾ ശരിയായ സമയത്ത് തിരിച്ചറിയുന്നു എന്ന് ശ്രദ്ധിക്കണം. കാലതാമസമില്ലാതെ അനുയോജ്യമായ ചികിത്സ കിട്ടുന്നുവെന്ന് ഉറപ്പുവരുത്തണം. രോഗം പകരാതിരിക്കാൻ വായുസഞ്ചാരമുള്ള പ്രത്യേക മുറിയിൽ താമസിക്കണം. രോഗിയെ ഒരാൾ മാത്രമേ പരിചരിക്കാൻ പാടുള്ളൂ. പൂർണമായും വാക്‌സിൻ എടുത്ത അനുബന്ധ രോഗങ്ങൾ ഇല്ലാത്ത ആൾ ആയിരിക്കണം പരിചരിക്കേണ്ടത്. രോഗിയും ആ വ്യക്തിയും എൻ 95 മാസ്‌ക് ധരിക്കുന്നത് അഭികാമ്യം.
ഡോക്ടറുമായി ബന്ധപ്പെടണം
രോഗം മൂർച്ഛിക്കാതിരിക്കാൻ യഥാസമയം ഡോക്ടറുമായി ബന്ധപ്പെടണം. ഇ സഞ്ജീവിനിയിലൂടെ ഡോക്ടറുമായി 24 മണിക്കൂറും ബന്ധപ്പെടാവുന്നതാണ്. ചികിത്സിക്കുന്ന ഡോക്ടർ, തൊട്ടടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ, ആശവർക്കർമാർ, ദിശ 104, 1056 എന്നിവരുമായി സംസാരിക്കാം.
ചെറിയ പനി, ചുമ, തൊണ്ടവേദന അനുബന്ധ രോഗം ഇല്ലാത്ത വളരെ നേരിയ രോഗലക്ഷണം ഉള്ളവരാണ് എ വിഭാഗത്തിൽപ്പെടുന്നത്. ശക്തമായ പനി, തൊണ്ടവേദന, മസിലുകൾക്ക് വേദന, തലവേദന എന്നിവ ഉള്ളവരാണ് ബി വിഭാഗത്തിൽ പെടുത്തിയിരിക്കുന്നത്. മാത്രമല്ല അനുബന്ധ രോഗമുള്ളവർക്ക് നേരിയ രോഗലക്ഷണങ്ങളുണ്ടെങ്കിലും ഈ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ വിഭാഗത്തിലുള്ളവർ വളരെയേറെ ശ്രദ്ധിക്കേണ്ടതാണ്. ഗുരുതരമായ രോഗലക്ഷണങ്ങളുള്ളവരാണ് സി വിഭാഗത്തിൽ പെടുന്നത്. ആരോഗ്യമുള്ള ആൾ ആണെങ്കിൽ പോലും കോവിഡ് ബാധിച്ചാൽ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വിവരം അറിയിക്കേണ്ടതാണ്. അനുബന്ധ രോഗമുള്ളവർ ഒരിക്കലും ഡോക്ടറെ അറിയിക്കാതെയിരിക്കരുത്.
എപ്പോൾ ഡോക്ടറുടെ സേവനം തേടണം
സ്വയം നിരീക്ഷണം ഏറെ പ്രധാനമാണ്. ആദ്യത്തെ രണ്ടാഴ്ച ഏറ്റവും പ്രധാനപ്പെട്ടതാണ്. സ്വയം നിരീക്ഷണത്തില അപായസൂചനകൾ (റെഡ് ഫ്‌ളാഗ്) എപ്പോഴും തിരിച്ചറിയണം. 100 ഡിഗ്രിയിൽ കൂടുതലുള്ള പനി മൂന്ന് ദിവസം മാറാതെ നിൽക്കുകയാണെങ്കിൽ ഇതുവരെ അറിയിച്ചില്ലെങ്കിലും ഡോക്ടറെ അറിയിക്കണം.
ന്യൂമോണിയയുടെ ലക്ഷണങ്ങൾ തിരിച്ചറിയണം
ഒമിക്രോൺ ബാധിച്ചവരിൽ മൂന്ന് ശതമാനം പേർ മാത്രമാണ് ന്യൂമോണിയ പോലുള്ള സങ്കീർണതകളിലേക്ക് പോകാൻ സാധ്യതയുള്ളത്. ഇവരെ തിരിച്ചറിയാൻ അപായ സൂചനകൾ ദിവസവും നിരീക്ഷിക്കുന്നത് വളരെ പ്രധാനമാണ്. ന്യൂമോണിയയുടെ ലക്ഷണങ്ങൾ എല്ലാവരും തിരിച്ചറിയണം. ശ്വാസമെടുക്കുമ്പോൾ നെഞ്ച് വേദന വരുന്നത് പോലെ തോന്നുകയാണെങ്കിൽ ഉടൻതന്നെ ഡോക്ടറെ അറിയിക്കണം. സംസാരിക്കുമ്പോൾ വാക്കുകൾ മുഴുമിക്കാൻ കഴിയാതെ വരിക, വെറുതെയിരിക്കുമ്പോൾ ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് തോന്നുക, കഫത്തിൽ രക്തത്തിലെ അംശം കാണുക, തുടങ്ങിയവ ന്യൂമോണിയയുടെ ആരംഭ ലക്ഷണമാണ്.
അപൂർവമായി ഹൃദയത്തിന്റെ പ്രവർത്തനത്തെ ബാധിക്കാൻ സാധ്യതയുണ്ട്. അതിനാൽ നെഞ്ചിന്റ മധ്യഭാഗത്തോ ഇടതുഭാഗത്തോ വേദനയുണ്ടാകുക, നെഞ്ചിടിപ്പ് കൂടി വരിക, കണ്ണിലേക്ക് ഇരുട്ടു കയറുക, ബന്ധമില്ലാതെ സംസാരിക്കുക, അബോധാവസ്ഥയിലേക്ക് പോവുക തുടങ്ങിയ അപായസൂചനകൾ കണ്ടാൽ ഉടൻ തന്നെ ഡോക്ടറുമായി ബന്ധപ്പെടേണ്ടതും ഡോക്ടറുടെ നിർദേശ പ്രകാരം പ്രവർത്തിക്കേണ്ടതാണ്. പ്രത്യേകിച്ചും പ്രായമായവരിലും അനുബന്ധ രോഗമുള്ളവരിലും അമിതമായ ക്ഷീണം ഒരു അപായ സൂചനയാണ്. ഇതുകണ്ടാൽ ഡോക്ടറുടെ സേവനം തേടേണ്ടതാണ്.
ഓക്‌സിജന്റെ അളവ് സ്വയം നിരീക്ഷിക്കണം
രക്തത്തിലെ ഓക്‌സിജന്റെ അളവ് നോക്കിയാണ് എല്ലാ ചികിത്സാവിധികളും നിശ്ചയിക്കുന്നത്. സാധാരണ ഒരാളുടെ രക്തത്തിലെ ഓക്‌സിജന്റെ അളവ് 95ന് മുകളിലായിരിക്കും. പൾസ് ഓക്‌സിമീറ്റർ ഉപയോഗിച്ചും ബ്രെത്ത് ഹോൾഡിങ് ടെസ്റ്റ് മുഖേനയും ഇതറിയാം. ഓക്‌സിജന്റെ അളവ് 94ൽ കുറവായാലും നാഡിമിടിപ്പ് 110ന് മുകളിലായാലും ഉടൻ തന്നെ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കേണ്ടതാണ്. മുറിക്കുള്ളിൽ 6 മിനിറ്റ് പതുക്കെ നടന്ന ശേഷം ഓക്‌സിജന്റെ അളവ് നേരത്തെ ഉണ്ടായിരുന്നതിനെക്കാൾ 3 ശതമാനം കുറയുകയാണെങ്കിൽ അത് ന്യൂമോണിയയുടെ ആരംഭമാണ്. ഉടൻ തന്നെ ഡോക്ടറെ വിവരം അറിയിക്കേണ്ടതാണ്.
പൾസ് ഓക്‌സിമീറ്റർ ലഭ്യമല്ലെങ്കിൽ
പൾസ് ഓക്‌സിമീറ്റർ ലഭ്യമല്ലെങ്കിൽ ബ്രെത്ത് ഹോൾഡിങ് ടെസ്റ്റ് ചെയ്യേണ്ടതാണ്. ശ്വാസം അൽപം ദീർഘമായി വലിച്ചെടുത്ത ശേഷം എത്ര സെക്കന്റ് ശ്വാസം പിടിച്ച് വയ്ക്കാൻ സാധിക്കുന്നു എന്ന് നോക്കുക. 25 സെക്കന്റ് ശ്വാസം പിടിച്ചു വയ്ക്കാൻ സാധിച്ചാൽ ഹൃദയത്തിന്റേയും ശ്വാസകോശത്തിന്റേയും പ്രവർത്തനം സാധാരണ നിലയിലാണെന്ന് അനുമാനിക്കാവുന്നതാണ്. 15 സെക്കന്റ് പിടിച്ചുവയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ ന്യൂമോണിയയുടെ തുടക്കമാണെന്ന് കരുതണം. ഉടൻ തന്നെ ഡോക്ടറുടെ സേവനം തേടണം. 15 മുതൽ 25 സെക്കന്റിന് താഴെ ശ്വാസം പിടിച്ചുവയ്ക്കാനേ സാധിച്ചുള്ളൂ എങ്കിലും ഡോക്ടറെ അറിയിക്കണം.
അനാവശ്യ ആന്റിബയോട്ടിക്കുകൾ പാടില്ല
കോവിഡിന് ഗൃഹ പരിചരണത്തിൽ ഇരിക്കുമ്പോൾ അനുബന്ധ ചികിത്സയാണ് ആവശ്യം. ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ ആന്റിബയോട്ടിക്കുകൾ ഉൾപ്പെടെയുള്ള മരുന്ന് കഴിക്കാൻ പാടുള്ളൂ. തൊണ്ട വേദനയുണ്ടെങ്കിൽ ഉപ്പുവെള്ളം കൊള്ളുക. മൂക്കടപ്പ് ഉണ്ടെങ്കിൽ ആവി പിടിക്കാം. അപായസൂചനകൾ തിരിച്ചറിയുകയാണ് ഏറ്റവും പ്രധാനം. വാക്‌സിനെടുക്കാത്തവർക്ക് രോഗം ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ അവർ ഗൃഹപരിചരണത്തിൽ ഇരിക്കുകയാണെങ്കിൽ അപായ സൂചനകൾ കൃത്യമായി നോക്കേണ്ടതാണ്.