സംസ്ഥാനത്തെ കോവിഡ് കേസുകളിൽ ഭൂരിഭാഗവും ഒമിക്രോണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇതുവരെ പരിശോധിച്ച സാമ്പിളുകളില്‍ 94 ശതമാനം ഒമിക്രോണും ആറ് ശതമാനം ഡെല്‍റ്റ വകഭേദമാണെന്നും പരിശോധനകളില്‍ നിന്ന് ഇക്കാര്യം വ്യക്തമായെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
വിദേശത്ത് നിന്ന് ഉള്‍പ്പെടെ മറ്റു സ്ഥലങ്ങളില്‍ നിന്ന് വന്നവരില്‍ കോവിഡ് ബാധിച്ചവരില്‍ 80 ശതമാനവും ഒമൈക്രോണ്‍ കേസുകളാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന് സംസ്ഥാനതലത്തില്‍ വാര്‍റൂം പ്രവര്‍ത്തനം ആരംഭിച്ചതായും മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ഐസിയു, വെന്റിലേറ്റര്‍ ഉപയോഗത്തില്‍ കുറവ് ഉണ്ടായിട്ടുണ്ട്. ഐസിയു ഉപയോഗത്തില്‍ രണ്ടുശതമാനത്തിന്റെ കുറവാണ് റിപ്പോർട്ട് ചെയ്തത്. സര്‍ക്കാര്‍ ആശുപത്രികളിലെ ഐസിയുവില്‍ 40.5 ശതമാനത്തില്‍ മാത്രമേ രോഗികളുള്ളൂ. ഇത് കോവിഡും മറ്റു അസുഖങ്ങളും ബാധിച്ച് ഐസിയുവില്‍ കഴിയുന്നവരുടെ കണക്കാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ വെന്റിലേറ്റര്‍ ഉപയോഗം 13.5 ശതമാനം മത്രമാണ്. സ്വകാര്യ ആശുപത്രികളില്‍ ഐസിയു, വെന്റിലേറ്റര്‍ ഉപയോഗം എട്ടുശതമാനത്തിന് മുകളില്‍ മാത്രമാണെന്നും മന്ത്രി വ്യക്തമാക്കി.
കോവിഡ് രോഗികളില്‍ 3.6 ശതമാനം മാത്രമാണ് ചികിത്സ തേടി ആശുപത്രിയില്‍ എത്തുന്നത്. ബാക്കിയുള്ളവര്‍ വീടുകളില്‍ ഗൃഹചികിത്സയിലാണ്. വരുംദിവസങ്ങളില്‍ കോവിഡ് കേസുകള്‍ കൂടാന്‍ സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത തുടരണമെന്നും അടുത്ത മൂന്നാഴ്ച നിര്‍ണായകമാണെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
ഗൃഹപരിചരണത്തിലുളള രോഗികളെ മൂന്നായി തിരിക്കും. സാധാരണലക്ഷണമുള്ളവര്‍ ആരോഗ്യവകുപ്പിനെ അറിയിക്കണം. മൂന്നുദിവസത്തിനുളളില്‍ ലക്ഷണങ്ങളില്‍ കുറവില്ലെങ്കില് ആശുപത്രി ചികില്‍സ തേടണം. ഗുരുതരരോഗങ്ങളുള്ളവര്‍ ആശുപത്രി സേവനം തേടണമെന്നും മന്ത്രി നിർദേശിച്ചു.