കണ്ണൂർ: കണ്ണൂര്‍ സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയുടെ ഭാഗമായി വളപട്ടണം മന്ന ജംഗ്ഷന് മുതല്‍ ചാല ന്യൂ ബൈപ്പാസ് ജംഗ്ഷന് വരെയുള്ള റോഡ് വികസനത്തിനായി സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നഷ്ടപരിഹാര പാക്കേജില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട മറ്റ് പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
കരട് പുനരധിവാസ -പുനഃസ്ഥാപന പാക്കേജുമായി ബന്ധപ്പെട്ട് പ്രസിദ്ധപ്പെടുത്തിയ പാക്കേജ് കരട് മാത്രമാണ്. ആക്ഷേപങ്ങള്‍ പരിഗണിച്ച് വിചാരണ നടപടികള്‍ പൂര്‍ത്തിയായ ശേഷം ഇതു കൂടി പരിഗണിച്ച് മാത്രമേ കുടിയൊഴിക്കപ്പെടുന്ന വ്യാപാരികള്‍ക്കുള്ള പുനരധിവാസ – പുനഃസ്ഥാപന ആനുകൂല്യം അന്തിമമായി പ്രഖ്യാപിക്കുകയുള്ളൂ.
2017 ഡിസംബര്‍ 29 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കുടിയൊഴിക്കപ്പെടുന്ന വ്യാപാരികളെ വിവിധ വിഭാഗങ്ങളില്‍പ്പെടുത്തി ധനസഹായ തുക നിര്‍ണയിച്ചിട്ടുണ്ട്. ഇതനുസരിച്ച് വാണിജ്യ വാടകക്കാരായ വ്യാപാരികള്‍ക്ക് അര്‍ഹതയ്ക്കനുസരിച്ച് രണ്ടു ലക്ഷം രൂപ വരെ ധനസഹായം അനുവദിക്കും. ആക്ഷേപമുള്ളവര്‍ക്ക് എല്‍എ ഡെപ്യൂട്ടി കളക്ടര്‍ മുമ്പാകെ ആവശ്യമായ രേഖകള്‍ സഹിതം ഹാജരാക്കി വ്യക്തത വരുത്താം.