24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കോവിഡ് മഹാമാരി അതിന്‍റെ അവസാന ഘട്ടത്തിലേക്കു നീങ്ങുന്നു: ലോകാരോഗ്യ സംഘടന
Kerala

കോവിഡ് മഹാമാരി അതിന്‍റെ അവസാന ഘട്ടത്തിലേക്കു നീങ്ങുന്നു: ലോകാരോഗ്യ സംഘടന

ഒമിക്രോൺ വകഭേദം കോവിഡിനെ പുതിയൊരു ഘട്ടത്തിലേക്ക് എത്തിച്ചിരിക്കുകയാണെന്നു ലോകാരോഗ്യ സംഘടന. യൂറോപ്പിൽ അതിന്‍റെ വ്യക്തമായ സൂചനകളുണ്ടെന്നു സംഘടനയുടെ യൂറോപ്പ് ഡയറക്ടർ ഹാൻസ് ക്ലൂഗ് മാധ്യമങ്ങളോടു പറഞ്ഞു. യൂറോപ്പിൽ മഹാമാരി അവസാന കളിയിലേക്കു നീങ്ങുന്നുവെന്നതിനെ സാധൂകരിക്കുന്ന സൂചനകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

മാർച്ചോടെ അറുപതു ശതമാനം യൂറോപ്യന്മാരെയും ഒമിക്രോൺ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിൽ യൂറോപ്പിൽ ഒമിക്രോൺ നടത്തിക്കൊണ്ടിരിക്കുന്ന കുതിച്ചുചാട്ടം കഴിഞ്ഞാൽ കുറെ ആഴ്ചകളും ചിലപ്പോൾ മാസങ്ങളും തികച്ചും ശാന്തമായ ഒരു കാലം പ്രതീക്ഷിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഒരു ആഗോള പ്രതിരോധ ശേഷി രൂപപ്പെടും.

ഒന്നുകിൽ വാക്സിൻ അല്ലെങ്കിൽ രോഗബാധമൂലമുള്ള പ്രതിരോധ ശേഷി വലിയൊരു വിഭാഗം കൈവരിക്കുന്നതോടെ കോവിഡിന്‍റെ തിരിച്ചിറക്കം തുടങ്ങും. ഇനി ഈ വർഷം അവസാനമാണ് കോവിഡ് തിരിച്ചുവരാൻ സാധ്യതയുള്ളത്. ഒരു പക്ഷേ, അതു തിരിച്ചു വരണമെന്നുമില്ല എന്നദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

യുഎസിലെ പ്രമുഖ ശാസ്ത്രജ്ഞൻ ആന്‍റണി ഫൗസി ഞായറാഴ്ച സമാനമായ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചിരുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സിന്‍റെ ചില ഭാഗങ്ങളിൽ കോവിഡ് -19 കേസുകൾ കുത്തനെ കുറയുന്നതിനാൽ, “കാര്യങ്ങൾ മികച്ചതായി തോന്നുന്നു’ എന്ന് അദ്ദേഹം എബിസി ന്യൂസ് ടോക്ക് ഷോയിൽ പറഞ്ഞു.

യുഎസിന്‍റെ വടക്കുകിഴക്ക് പോലുള്ള പ്രദേശങ്ങളിൽ കേസുകളുടെ എണ്ണത്തിൽ സമീപകാല ഇടിവ് തുടരുകയാണെങ്കിൽ, “നിങ്ങൾക്കു രാജ്യത്തുടനീളം ഒരു വഴിത്തിരിവ് കാണാമെന്നു ഞാൻ വിശ്വസിക്കുന്നു”- അദ്ദേഹം പറഞ്ഞു. ആഫ്രിക്കയുടെ ചുമതലയുള്ള ലോകാരോഗ്യ സംഘടനയുടെ ഓഫീസും ഒമിക്രോൺ തരംഗത്തിനു പിന്നാലെ കോവിഡ് കേസുകൾ കുറയുകയാണെന്ന സൂചന പുറത്തുവിട്ടിരുന്നു. മരണനിരക്കും കാര്യമായി കുറയുകയാണെന്നാണ് അവർ ചൂണ്ടിക്കാട്ടുന്നത്.

ഇതെല്ലാം വിലയിരുത്തുന്പോൾ കോവിഡ് 19 ഒരു മഹാമാരി എന്നതിൽനിന്ന് പ്രത്യേക സീസണിൽ എത്തുന്ന ഫ്ലൂ രോഗം പോലെ കൈകാര്യം ചെയ്യാവുന്ന അവസ്ഥയിലേക്കു നീങ്ങുകയാണെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അതേസമയം, ഇത്തരം പ്രതീക്ഷകൾക്ക് അമിത ഊന്നൽ കൊടുക്കുന്നതും അപകടകരമാണെന്നും ലോകാരോഗ്യ സംഘടനയുടെ യൂറോപ്പ് തലവൻ ക്ലൂഗ് മുന്നറിയിപ്പ് നൽകി.

കോവിഡ് വൈറസ് ശാസ്ത്ര ലോകത്തെ പലതവണ അന്പരപ്പിക്കുകയും ആശ്ചര്യപ്പെടുത്തുകയും ചെയ്തു കഴിഞ്ഞു. അതിനാൽ പ്രവചനങ്ങളിൽ അമിത പ്രതീക്ഷ വയ്ക്കുന്നതു ജാഗ്രതയോടെ വേണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

Related posts

രണ്ട് ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

Aswathi Kottiyoor

എംബിഎ ഓൺലൈൻ ഇന്റർവ്യൂ

Aswathi Kottiyoor

12 സംസ്ഥാനങ്ങളിലായി 88 ചെറുവനങ്ങള്‍ തീര്‍ത്ത് കാസര്‍കോട്ടുകാരന്‍.*

Aswathi Kottiyoor
WordPress Image Lightbox