24.2 C
Iritty, IN
July 4, 2024
  • Home
  • Iritty
  • വേനൽ കടുത്തു – തീപ്പിടുത്തങ്ങൾ വ്യാപകം – വിശ്രമമില്ലാത്ത ഓട്ടവുമായി അഗ്നിരക്ഷാ സേന
Iritty

വേനൽ കടുത്തു – തീപ്പിടുത്തങ്ങൾ വ്യാപകം – വിശ്രമമില്ലാത്ത ഓട്ടവുമായി അഗ്നിരക്ഷാ സേന

ഇരിട്ടി: മഴക്കാലവും കടന്ന് പരിധിവിട്ട് നീണ്ടുനിന്ന മഴ അവസാനിക്കുകയും വേനൽ കടുക്കുകയും ചെയ്തതോടെ ഇരിട്ടിയുടെ മലയോര മേഖലകൾ തീപ്പിടുത്ത ഭീഷണിയിലായി. രാവും പകലുമില്ലാതെ നിരന്തരം വരുന്ന ഫോൺ വിളികളിൽ വിശ്രമമില്ലാതെ ഓടികൊണ്ടിരിക്കുകയാണ് ഇരിട്ടി അഗ്നിരക്ഷാസേന. വേനൽ കത്തി നിൽക്കുമ്പോൾ വരും ദിവസങ്ങളിൽ ഇത് കൂടാനാണ് സാധ്യത എന്നാണ് അഗ്നിരക്ഷാ സേനാ അധികൃതർ പറയുന്നത്.
മേഖലയിലെ വിശാലമായ കശുമാവ്, റബ്ബർ തോട്ടങ്ങളിലാണ് ഏറെയും തീ പടരുന്നത്. റബ്ബർ പുകപ്പുരകൾക്ക് തീപിടിക്കുന്ന സംഭവങ്ങളും പെരുകുകയാണ്. ഇരിട്ടി അഗ്നിരക്ഷാ നിലയത്തിന് കീഴിൽ മാത്രം ജനുവരിയിൽ മൂന്നാഴ്ചക്കുള്ളിൽ 10 തീപ്പിടിത്തങ്ങളാണ് മേഖലയിൽ ഉണ്ടായത്. കൂടാതെ പശുക്കൾ കിണറിൽ വീണതുടക്കമുള്ള പതിനൊന്നോളം അപകടങ്ങളും ഉണ്ടായി. വിവരമറിഞ്ഞ ഉടനെ അഗ്നിശമനസേന എത്തിയതുമൂലം തീയണച്ച് വലിയ അപകടങ്ങൾ ഒഴിവായ സംഭവങ്ങളും ഉണ്ടായി.
ചെങ്കുത്തായ കുന്നിൻ മുകളിലും മറ്റും സ്ഥിതിചെയ്യുന്ന റബർ, കശുമാവ് തോട്ടങ്ങളിൽ തീപിടിച്ചാൽ സേനക്ക് ഇത്തരം സ്ഥലങ്ങളിൽ എത്തിപ്പെടുക ഏറെ പ്രയാസകരമാണ്. റോഡല്ലാത്ത വഴികളിലൂടെ അഗ്നിശമനസേനയുടെ വാട്ടർ ടെണ്ടർ എത്തിക്കുന്നത് ദുഷ്കരമാവുമ്പോൾ മരച്ചില്ലകളും മറ്റും ഉപയോഗിച്ച് തല്ലിക്കെടുത്തേണ്ട അവസ്ഥയും ഉണ്ടാകുന്നു. ഇരിട്ടി അഗ്നിരക്ഷാ നിലയത്തിന് പുതുതായി അനുവദിച്ച മൾട്ടി യൂട്ടിലിറ്റി വെഹിക്കിൾ (എം യു വി ) ഈ അവസ്ഥയിൽ ഏറെ സഹായകരമാവുന്നുണ്ടെന്ന് നിലയം ഓഫിസർ കെ. രാജീവൻ പറഞ്ഞു. മലമ്പ്രദേശങ്ങളിലെ ഇടുങ്ങിയ വഴികളിലൂടെ ഈ വാഹനത്തിനു സഞ്ചരിക്കാനാകുന്നു. ഇതുകൂടാതെ ഇത്തരം പ്രദേശങ്ങളിൽ സാധന സാമഗ്രികൾ എത്രയും പെട്ടെന്ന് എത്തിക്കാൻ കഴിയുന്ന ഫാസ്റ്റ് റെസ്പോൺസ് വെഹിക്കിളും (എഫ് ആർ യു ) അഗ്നിരക്ഷാ നിലയത്തിന് ലഭിച്ചിട്ടിട്ടുണ്ട് .
ഇതിനെല്ലാമേറെ പ്രാധാന്യം കൽപ്പിക്കുന്നത് ഇത്തരം പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കുക എന്നതാണ്. തീയിടുമ്പോഴും മറ്റും അത് പടരാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കണം. തീയിടൽ ഒഴിവാക്കുക എന്നതാണ് പരമ പ്രധാനം എന്നും ഇരിട്ടി അഗ്നിരക്ഷാ നിലയം ഓഫീസർ കെ. രാജീവൻ പറഞ്ഞു.
വെള്ളിയാഴ്ച രാത്രി ഇരിട്ടി – ഇരിക്കൂർ പാതയിലെ കപ്പച്ചേരിയിൽ പാതയോരത്തെ വൻ മരത്തിൽ തീപ്പടർന്നത് ആശങ്കക്കിടയാക്കി. രാത്രി 8 മണിയോടെ മരത്തിൽ തീ പടരുന്നത് കണ്ട നാട്ടുകാർ ഇരിട്ടി അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരിക്കുന്നു. അഗ്‌നിരക്ഷാ സേനയെത്തി തീ അണച്ചെങ്കിലും ശനിയാഴ്ച രാവിലെ വീണ്ടും മരത്തിൽ തീ കണ്ടതോടെ അഗ്നിരക്ഷാ സേനയെ അറിയിച്ചു. പതിറ്റാണ്ടുകൾ പഴക്കമുള്ള കൂറ്റൻ മരത്തിന്റെ ഉൾഭാഗം മുഴുവൻ ദ്രവിച്ചുണങ്ങിയ നിലയിലായിരുന്നു. റോഡരികിൽ ആരോ തീയിട്ടപ്പോൾ അതിൽ നിന്നും മരത്തിന്റെ ദ്രവിച്ച ഉൾഭാഗത്തേക്കു തീപ്പടർന്നതായിരുന്നു എന്നാണ് വിവരം. രാവിലെ 8 മണിയോടെ എത്തിയ അഗ്നിരക്ഷാസേന ഒരുമണിക്കൂറോളം പരിശ്രമിച്ചാണ് തീ അണച്ചത്. ഉൾഭാഗം ദ്രവിച്ച മരം തീ പിടിക്കുകകൂടി ചെയ്തതോടെ അപകടാവസ്ഥയിലായെന്നും ഇത് നിരവധി വാഹനങ്ങൾ രാപ്പകൽ കടന്നു പോകുന്ന റോഡിലേക്ക് മറിഞ്ഞു വീഴാനിടയുണ്ടെന്നും നാട്ടുകാർ പ്രതികരിച്ചു. മരം മുറിച്ചു മാറ്റി ജനങ്ങൾക്ക് സുരക്ഷ ഒരുക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.
അതേസമയം പായം പഞ്ചായത്തിലെ വിളമന അമ്പലത്തട്ടിലെ കശുമാവ് തോട്ടത്തിന് തീപിടിച്ച് നാലേക്കറോളം സ്ഥലം കത്തി നശിച്ചു. ശനിയാഴ്ച്ച രാവിലെ പതിനൊന്ന് മണിയോടെയാണ് റബറും കശുമാവിൻ തോട്ടവും ഉൾപ്പെടുന്ന പ്രദേശത്ത് തീപിടിച്ചത്. സമീപത്തെ റബർതോട്ടത്തിൽ നിന്നും റബർ പാൽ ശേഖരിക്കുകയായിരുന്നവരാണ് കശുമാവിൻ തോട്ടത്തിൽ നിന്നും പുക ഉയരുന്നത് കണ്ട് സമീപ വാസികളെ വിവരം അറിയിക്കുന്നത് . നാട്ടുകാരും അഗ്നി രക്ഷാ സേനയും എത്തുമ്പോഴെക്കും കശുമാവിൻ തോട്ടത്തിൽ നിന്നും സമീപത്തെ പറമ്പിലേക്കും തീ പടർന്നിരുന്നു. അഗ്നി രക്ഷാ സേന അംഗങ്ങളും നാട്ടുകാരും ഏറെ പണിപ്പെട്ടാണ് തീ അണച്ചത്.
ഇ.സി മാത്യു, ഇ.സി തോമസ്, ജോൺ, കേളിമറ്റം ബാബു എന്നിവരുടെ കശുമാവ് ഉൾപ്പെടുന്ന സ്ഥലമാണ് അഗ്നിക്കിരയായത്. ഇവരുടെ പറമ്പിൽ നിന്നും വിളമന പള്ളിയുടെ ഉടമസ്ഥലയിലുള്ള റബർ തോട്ടത്തിലേക്കും തീ പടർന്നു. അപ്പോഴെക്കും തീ നിയന്ത്രിക്കാൻ കഴിഞ്ഞു. പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി, വൈസ്.പ്രസിഡന്റ് എം.വിനോദ്കുമാർ, അംഗങ്ങളായ പി.എം. ജെസി, മുജീബ് കുഞ്ഞിക്കണ്ടി, അനിൽ എം കൃഷ്ണ, ഷൈജൻജേക്കബ്ബ് എന്നിവർ കൃഷിയിടം സന്ദർശിച്ചു.

Related posts

പഴശ്ശി ജലാശയം മാലിന്യപൂരിതം ഗ്രാമപഞ്ചായത്തുകളുടെ കൂട്ടായ്മ്മയിൽ മാലിന്യ മുക്തമാക്കാൻ നീക്കം

Aswathi Kottiyoor

ഓപ്പൺ ന്യൂസ് x24 ബിസിനസ് എക്സലന്റ് അവാർഡ് നാളെ സമ്മാനിക്കും

Aswathi Kottiyoor

കണ്ടുകൊണ്ടിരിക്കേ കാണാതായ കടുവക്കായി തിരച്ചിൽ തുടരുന്നു കർണ്ണാടക വനത്തിലേക്ക് കടന്നതായി സംശയം

Aswathi Kottiyoor
WordPress Image Lightbox