കൊച്ചി: ക്രൈംബ്രാഞ്ചിന്റെ ചോദ്യങ്ങള്‍ക്ക് ദിലീപും കൂട്ടുപ്രതികളും മറുപടി നല്‍കുന്നുണ്ടെന്ന് എ.ഡി.ജി.പി. എസ്.ശ്രീജിത്ത്. എന്നാല്‍ ചോദ്യംചെയ്യലുമായി സഹകരിക്കുന്നുണ്ടെന്ന് പറയാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ദിലീപിനെയും മറ്റുപ്രതികളെയും ചോദ്യംചെയ്യുന്ന കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍വെച്ചാണ് എ.ഡി.ജി.പി. മാധ്യമങ്ങളോട് പ്രതികരിച്ചത്.
ദിലീപ് അടക്കമുള്ള പ്രതികള്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നുണ്ട്. എന്നാല്‍ അതിന്റെ നിജസ്ഥിതി പരിശോധിച്ചശേഷമേ സഹകരിക്കുന്നുണ്ടോ അല്ലെയോ എന്നത് പറയാനാകൂ. ദിലീപ് എന്ത് മറുപടിയാണ് നല്‍കിയതെന്ന് ഇപ്പോള്‍ പറയാനാകില്ല. പ്രതികളുടെ മൊഴികളും വിലയിരുത്താറായിട്ടില്ല. മൊഴികള്‍ വിശദമായി വിലയിരുത്തിയ ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും അതെല്ലാം പിന്നീട് അറിയിക്കാമെന്നും എ.ഡി.പി.ജി. വ്യക്തമാക്കി.
അതിനിടെ, ദിലീപ് അടക്കമുള്ള പ്രതികളെ ചോദ്യംചെയ്യുന്നത് ഏഴുമണിക്കൂര്‍ പിന്നിട്ടു. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ ഞായറാഴ്ച രാവിലെ ഒമ്പത് മണിക്കാണ് ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് സൂരജ്, ഡ്രൈവര്‍ അപ്പു, സുഹൃത്ത് ബൈജു എന്നിവര്‍ ചോദ്യംചെയ്യലിന് ഹാജരായത്. ഇവരെ ഓരോരുത്തരെയും പ്രത്യേകമായി ചോദ്യംചെയ്യുന്നതായാണ് വിവരം. ഇതിനുശേഷം എല്ലാവരെയും ഒരുമിച്ചിരുത്തിയും ചോദ്യംചെയ്‌തേക്കും.
ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രത്യേക ചോദ്യാവലി തയ്യാറാക്കി ക്രൈംബ്രാഞ്ച് എസ്.പി. മോഹനചന്ദ്രന്റെ നേതൃത്വത്തിലാണ് ചോദ്യംചെയ്യല്‍ പുരോഗമിക്കുന്നത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ മൂന്നുദിവസത്തേക്കാണ് പ്രതികളെ ചോദ്യംചെയ്യാന്‍ അനുമതി നല്‍കിയിരിക്കുന്നത്.