ന്യൂഡൽഹി ∙ വിദേശത്തു നിന്നെത്തുന്നവർക്ക് വിമാനത്താവളത്തിലെ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചാൽ സംസ്ഥാന സർക്കാരിന്റെ നിരീക്ഷണത്തിൽ പ്രത്യേക ഐസലേഷൻ കേന്ദ്രത്തിൽ കഴിയണമെന്ന വ്യവസ്ഥ ആരോഗ്യ മന്ത്രാലയം ഒഴിവാക്കി. ഐസലേഷനിൽ കഴിയണം എന്നതു മാത്രമാണ് പുതിയ നിർദേശം. ഇതുൾപ്പെടെയുള്ള പുതുക്കിയ മാർഗരേഖ ഇന്നു മുതൽ നിലവിൽ വരും. വീട്ടിൽത്തന്നെ 7 ദിവസം ക്വാറന്റീനിൽ കഴിയുന്നതിനും തടസ്സമില്ലെന്നു മാർഗരേഖ വ്യക്തമാക്കുന്നു. ഓരോ സംസ്ഥാനങ്ങളിലെയും സ്ഥിതി കൂടി പരിഗണിച്ചാകും ഇവ നടപ്പാക്കുന്നത്.
അതേസമയം, എട്ടാം ദിവസം വീണ്ടും ആർടിപിസിആർ പരിശോധന നടത്തണമെന്ന വ്യവസ്ഥ തുടരും. നേരിയ ലക്ഷണമുള്ളവർക്കും രോഗലക്ഷണം ഇല്ലാതെ തന്നെ പോസിറ്റീവാകുന്നവർക്കുമാണു വീട്ടിൽ കഴിയാനാവുക. കേന്ദ്ര സർക്കാർ റിസ്ക് പട്ടികയിൽ ഉൾപ്പെടുത്തിയ രാജ്യങ്ങളിൽ നിന്നും അല്ലാത്തിടങ്ങളിൽ നിന്നും വരുന്നവർക്ക് ഇതു മാനദണ്ഡമാകും.