തലശ്ശേരി: നിര്‍മാണം പൂര്‍ത്തിയായ എരഞ്ഞോളി പുതിയ പാലം 30ന് വൈകീട്ട് മൂന്നരക്ക് ഗതാഗതത്തിനായി തുറന്നുകൊടുക്കും
പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പാലം ഉദ്ഘാടനം ചെയ്യും. കോവിഡ് വ്യാപന സാഹചര്യത്തില്‍ ചടങ്ങ് ലളിതമായിരിക്കും. എട്ടു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് പുതിയ പാലം യാഥാര്‍ഥ്യമായത്. പാലം തുറക്കുന്നതോടെ തലശ്ശേരി -വളവുപാറ അന്തര്‍ സംസ്ഥാന പാതയിലെ യാത്രാദുരിതത്തിന് പരിഹാരമാകും. പാലത്തിന്റെ ടാറിങ് പ്രവൃത്തി പൂര്‍ത്തിയായി. പാലത്തില്‍ വിളക്കുകള്‍ സ്ഥാപിക്കുന്നതടക്കമുള്ള അവസാന മിനുക്കുപണികള്‍ മാത്രമാണ് ബാക്കിയുള്ളത്. സര്‍വിസ് റോഡ് അടക്കുള്ള പ്രവൃത്തികളും വേഗത്തില്‍ ചെയ്തുതീര്‍ക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഉദ്ഘാടനം ഉത്സവമാക്കി മാറ്റണമെന്ന് നാട്ടുകാര്‍ക്ക് ആഗ്രഹമുണ്ടെങ്കിലും കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ പാലം ഉദ്ഘാടനം ഓണ്‍ലൈന്‍ വഴിയാകുമോ എന്ന സന്ദേഹവുമുണ്ട്.