ആയിരത്തോളം രോഗികൾ ദിവസവും ചികിത്സ തേടിയെത്തുന്ന പേരാവൂർ താലൂക്കാസ്പത്രിയിൽ ഇതോടെ കോവിഡ് നിയന്ത്രണങ്ങൾ പോലും പാലിക്കാൻ കഴിയാത്ത അവസ്ഥയാണ്. 2021 ആഗസ്തിലാണ് പേരാവൂർ താലൂക്കാസ്പത്രിയിലെ ഒ.പി കെട്ടിടമടക്കം മൂന്ന് കെട്ടിടങ്ങൾ പൊളിച്ചിട്ടത്. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും പുതിയ കെട്ടിടത്തിന്റെ നിർമ്മാണം തുടങ്ങിയിട്ടില്ല.
അധികൃതരുടെ അനാസ്ഥയും സ്ഥലപരിമിതിമൂലവും രോഗികൾ സ്വകാര്യാസ്പത്രിയെ ആശ്രയിക്കേണ്ട നിലയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. ആസ്പത്രി അധികൃതരും സമീപവാസികളായ ചില സ്വകാര്യ വ്യക്തികളും തമ്മിലുള്ള അഡ്ജസ്റ്റ്‌മെന്റ് കാരണം ആസ്പത്രിയുടെ ചുറ്റുമതിൽ നിർമ്മാണവും നിലച്ചിരിക്കുകയാണ്.
ചുറ്റുമതിൽ നിർമ്മാണം നിലച്ചതിന് പിന്നിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്നും ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും ആസ്പത്രി സംരക്ഷണ സമിതി ഭാരവാഹികൾ പറഞ്ഞു.