കേളകം: കേളകം പഞ്ചായത്തിലെ വളയംചാലിൽ തകർന്ന ആനമതിൽ പുനർനിർമാണ പ്രവൃത്തി നാട്ടുകാർ തടഞ്ഞു. പൊട്ടിയ സ്ലാബിന് മുകളിൽ കരിങ്കൽ പായ്ക്കിംഗ് ചെയ്യാൻ ശ്രമിച്ചതോടെയാണ് നാട്ടുകാർ നിർമാണപ്രവൃത്തി തടഞ്ഞത്. 2020-ലെ മലവെള്ളപാച്ചിലിലാണ് ഈ ഭാഗത്തെ ആനപ്രതിരോധ മതിൽ തകർന്നത്.
അടിത്തറയ്ക്കായി നിർമിച്ച കോൺക്രീറ്റ് സ്ലാബ് പൊട്ടി താഴുകയും പില്ലറിനിടയിലെ കരിങ്കൽ പായ്ക്കിംഗ് ഇളകിപ്പോകുകയും ചെയ്തിരുന്നു.
പൊളിഞ്ഞ ഭാഗത്തുകൂടെ കാട്ടാന കടക്കാതിരിക്കാൻ വനംവകുപ്പിന്റെ നേതൃത്വത്തിൽ കരിങ്കല്ലുകൾ അടുക്കിവച്ചിരുന്നു. ഇതിന് മുകളിൽ കരിങ്കൽ കെട്ടാൻ തുടങ്ങിയതോടെയാണ് നിർമാണം നിർത്തിവയ്ക്കാൻ നാട്ടുകാർ ആവശ്യപ്പെട്ടത്. അടിത്തറ ബലപ്പെടുത്തിയ ശേഷമേ പുനർനിർമിക്കൂവെന്ന് പിന്നീട് വനംവകുപ്പ് അധികൃതർ നാട്ടുകാർക്ക് ഉറപ്പുനൽകി.