ഇരിട്ടി: കാട്ടാനശല്യം തുടർക്കഥയായ ആറളം പഞ്ചായത്തിലെ വട്ടപ്പറമ്പിൽ ജനകീയ പങ്കാളിത്തത്തോടെ സോളാർ ഹാംങിംഗ് ഫെൻസിംഗ് (തൂക്കു വേലി) യാഥാർഥ്യമായി. ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ് സ്വിച്ച് ഓൺ കർമം നിർവഹിച്ചു. വട്ടപ്പറമ്പ് മേഖലയിലെ 123 വീടുകളിൽ നിന്നായി മൂന്ന് ലക്ഷത്തിലധികം രൂപ പിരിച്ചെടുത്താണ് ഫെൻസിംഗ് പദ്ധതി പൂർത്തിയാക്കിയത്. ആനത്താവളമായി മാറിയ ആറളം ഫാമിന്റെ ആറാം ബ്ലോക്കിന്റെ അതിർത്തിയിലായ വട്ടപ്പറമ്പ് ഗ്രാമം വർഷങ്ങളായി ആന ഉൾപ്പെടെയുള്ള വന്യമൃഗശല്യത്താൽ പൊറുതിമുട്ടുകയായിരുന്നു.
പരിഹാരത്തിനായി സർക്കാർ വാതിലുകൾ മുട്ടിയെങ്കിലും വാഗ്ദാനങ്ങളിലൊതുങ്ങിയതല്ലാതെ യാതൊരു വിധ പ്രയോജനവും ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ആറളം ഫാമിന്റെ മറ്റ് അതിർത്തി പ്രദേശങ്ങളിൽ സോളാർ ഹാങിംഗ് ഫെൻസിംഗ് വിജയകരമായി പ്രവർത്തിക്കുന്നത് മനസിലാക്കുന്നതും ഇതുമായി ബന്ധപ്പെട്ട് വട്ടപ്പറമ്പ് മേഖലയിലെ ജനങ്ങൾ ആനവേലി എന്ന പേരിൽ ഗ്രൂപ്പ് ആരംഭിച്ചത്.
ബാബു പാണാട്ടിൽ പ്രസിഡന്റായും പി.ടി. ചാക്കോ സെക്രട്ടറിയായും ബാബു പുളിവേലിൽ ട്രഷററായും 15 അംഗ കമ്മറ്റിയാണ് പദ്ധതി യാഥാർഥ്യമാക്കാൻ പ്രവർത്തിച്ചത്. ഒരു മാസം മുന്പാണ് ഒന്നര കിലോമീറ്റർ ദൂരം കാട് വെട്ടിത്തെളിച്ച് ഫെൻസിംഗിനായി സ്ഥലം ഒരുക്കിയത്. വട്ടപ്പറമ്പിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ മെമ്പർ വത്സ ജോസ് അധ്യക്ഷയായിരുന്നു. ടി.പി. മാർഗരറ്റ്, മിനി ദിനേശൻ, ബെന്നി കളത്തിക്കാട്ടിൽ, എ.ഡി. ബിജു, ജിമ്മി അന്തിനാട്ട്, പൗലോസ് കൊച്ചെടാട്ട്, മനു സ്രാമ്പിക്കൽ, കെ.വി. റിജേഷ് , കെ.എസ്. ബാലൻ, ജോസ് ചിറയത്ത്, ബിജു കൈയാണിയിൽ, പൗലോസ് തൈക്കൂട്ടംപുത്തൻപുര, ജോസ് ചിറ്റേട്ട് തുടങ്ങിയവർ പ്രസംഗിച്ചു.