കണ്ണൂർ: ജില്ലയിൽ ഡിജിറ്റൽ ഭൂസർവേയുടെ ഭാഗമായി ഡ്രോൺ സർവേ 27ന് തുടങ്ങുന്നതിന് മുന്നോടിയായി പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി റീസർവേ വകുപ്പ് ജീവനക്കാർ. 27ന് കണ്ണൂർ- ഒന്ന് വില്ലേജിലാണ് കണ്ണൂർ താലൂക്കിലെ ഡ്രോൺ സർവേക്ക് തുടക്കമാവുക.
ഇതിന് മുമ്പായി പെയിന്റ് പോലെ ആകാശ കാഴ്ചയിൽ തിരിച്ചറിയാൻ പറ്റുന്ന വസ്തുക്കൾ ഉപയോഗിച്ച് സ്ഥല ഉടമകൾ അതിർത്തികൾ അടയാളപ്പെടുത്തേണ്ടതുണ്ട്. അതിർത്തികൾ അടയാളപ്പെടുത്തൽ സ്ഥല ഉടമകൾ തന്നെ പൂർത്തീകരിക്കേണ്ടതിന്റെ പ്രാധാന്യം മനസിലാക്കി നൽകുകയാണ് റീസർവേ ജീവനക്കാർ ഫീൽഡിലായിരുന്നു.
സ്ഥല ഉടമകൾ അതിർത്തികൾ അടയാളപ്പെടുത്തി എന്ന് ഉറപ്പ് വരുത്തി 20 ന് മുമ്പു തന്നെ സർവേ ഓഫ് ഇന്ത്യയെ അറിയിക്കേണ്ടതുണ്ട്. കണ്ണൂർ-ഒന്ന് വില്ലേജ് പരിധിയിലെ മുഴുവൻ കൗൺസിലർമാർക്കും സർവേ സംബന്ധമായ ക്ലാസുകൾ നൽകി. പ്രധാന രാഷ്ട്രീയ പാർട്ടികൾ, മത സ്ഥാപന മേധാവികൾ തുടങ്ങിയവരെ നേരിട്ട് കണ്ട് സഹായ സഹകരണങ്ങൾ സർവേ വകുപ്പ് അഭ്യർഥിച്ചിട്ടുണ്ട്.