കണ്ണൂർ: കണ്ണൂരിലെ ഗതാതത കുരുക്കഴിക്കാനുള്ള ഒന്നാംഘട്ട പദ്ധതിയായ മേലെചൊവ്വ അണ്ടർപാസിന്റെ സ്ഥലമേറ്റെടുപ്പ് നടപടികൾ പൂർത്തിയായി. ഇനി ടെൻഡർ നടപടിയിലേക്ക്. 27.59 കോടിയുടെ മേലെചൊവ്വ അണ്ടർപാസിനു വേണ്ടുന്ന സ്ഥലമാണ് സർക്കാർ ഏറ്റെടുത്തത്.
52 സെന്റ് സ്ഥലത്തിനും 51 കെട്ടിടത്തിനും കൂടി 15 കോടി 30ലക്ഷം രൂപ നഷ്ടപരിഹാരം നൽകിയാണ് ഏറ്റെടുത്തിരിക്കുന്നത്. കണ്ണൂർ-തലശേരി റൂട്ടിൽ മേലെചൊവ്വ ജംഗ്ഷനിൽ 310 മീറ്റർ നീളത്തിലും 9 മീറ്റർ വീതിയിലുമാണ് അണ്ടർപാസ് നിർമിക്കുന്നത്. കൂടാതെ അണ്ടർ പാസിന് പുറത്ത് രണ്ട് സൈഡിലും 5.5മീറ്റർ വീതിയിൽ സർവീസ് റോഡും 1.5 മീറ്റർ വീതിയിൽ ഡ്രൈനേജിനോടുകൂടിയ നടപ്പാതയയും ഈ പദ്ധതിയിൽ ഉണ്ട്. വാടകക്കാർക്ക് 2 ലക്ഷം രൂപ പുനഃസ്ഥാപന അലവൻസും തൊഴിൽ നഷ്ടപ്പെടുന്ന തൊഴിലാളികൾക്ക് 6 മാസത്തേക്ക് 6000 രൂപ വീതം ഉപജീവന ബത്തയും ഇതിന്റെ ഭാഗമായി നൽകി കൊണ്ടാണ് സ്ഥലം ഏറ്റെടുത്തിരിക്കുന്നത്. അണ്ടർ പാസ് നിർമാണത്തിന്റെ ചെലവ് 16 കോടി 39 ലക്ഷമാണ് കിഫ്ബി അംഗീകാരം നൽകിയത്. എന്നാൽ, പിഡബ്ല്യുഡി ഷെഡ്യൂളിൽ വന്ന വർദ്ധനവ് പ്രകാരം പ്രവൃത്തിയുടെ എസ്റ്റിമേറ്റ് 19 കോടി 20 ലക്ഷമായി. ഇതിനുള്ള അംഗീകാരം അടുത്ത കിഫ്ബി യോഗത്തിൽ കിട്ടും. അനുമതി ലഭ്യമായാൽ ഉടൻ തന്നെ ടെൻഡർ നടപടയിലേക്ക് കടക്കും.
130 കോടി രൂപ ചെലവിൽ നിർമിക്കുന്ന തെക്കിബസാർ ഫ്ലൈഓവറിനു വേണ്ടിയുള്ള സ്ഥലം ഏറ്റെടുക്കുന്ന പ്രവർത്തനം മൂന്ന് മാസം കൊണ്ട് പൂർത്തിയാക്കും. 738 കോടിയുടെ നഗരത്തിലെ 11 റോഡുകൾ വികസിപ്പിക്കുന്ന സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയുടെയും സ്ഥലം ഏറ്റെടുക്കുന്ന പ്രവർത്തനവും പുരോഗമിക്കുകയാണ്. ആദ്യഘട്ടത്തിൽ 7 റോഡുകളുടെ ടെൻഡർ നടപടികൾ പൂർത്തീകരിക്കുവാനുളള ശ്രമത്തിലാണ്. ടെൻഡർ നടപടികൾ വേഗത്തിലാക്കാൻ രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ റോഡ് ഫണ്ട് ബോർഡ് ജീവനക്കാർക്ക് നിർദ്ദേശം നൽകി.