ഇരിട്ടി: വാഹനാപകടത്തില്‍ ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ച സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍. കൂട്ടുപുഴ തൊട്ടിപ്പാലം സ്വദേശി മൊയ്തു (50)വിനെയാണ് അറസ്റ്റ് ചെയ്തത്. അശ്രദ്ധമായി വാഹനം ഓടിച്ച് അപകടമുണ്ടാക്കി യുവാക്കളുടെ മരണത്തിനിടയാക്കിയതിനാണ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ച രാത്രി പത്തോടെയായിരുന്നു ഇരിട്ടി-കൂട്ടുപുഴ റൂട്ടില്‍ കിളിയന്തറയില്‍ വച്ചാണ് അപകടം നടന്നത്. കിളിയന്തറ 32-ാം മൈല്‍ സ്വദേശി തൈക്കാട്ടില്‍ അനീഷ് (28), വളവുപാറ സ്വദേശി തെക്കുംപുറത്ത് അസീസ് (40) എന്നിവരായിരുന്നു മരിച്ചത്.
കൂട്ടുപുഴ ഭാഗത്തുനിന്ന് വള്ളിത്തോട് ഭാഗത്തേക്ക് ബൈക്കില്‍ വരികയായിരുന്ന ഇരുവരും കിളിയന്തറ എക്സൈസ് ചെക്ക് പോസ്റ്റ് കഴിഞ്ഞതിനുശേഷം ഹൈസ്കൂളിന് മുന്നിലാണ് അപകടത്തിൽപ്പെട്ടത്. ഇവര്‍ സഞ്ചരിച്ച ബൈക്ക് റോഡില്‍ നിയന്ത്രണം വിട്ടു മറിയുകയും എതിര്‍ദിശയില്‍നിന്നു വന്ന കാര്‍ ഇവരുടെ ദേഹത്ത് കയറിയിറങ്ങിയെന്നുമായിരുന്നു നിഗമനം.
അപകടം നടന്ന സ്ഥലത്തിനു സമീപം ഒരു വാഗണ്‍ ആര് കാർ കണ്ടെത്തിയിരുന്നു. ഈ കാറിന്റെ മുന്‍ഭാഗം തകര്‍ന്നിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ സമീപത്തെ വീട്ടില്‍നിന്നു സിസിടിവി ദൃശ്യം ലഭിച്ചു.
ഈ ദൃശ്യത്തില്‍ സ്ഥലത്ത് കണ്ടെത്തിയ കാറും മറ്റൊരു കാറും റോഡില്‍ വീണുകിടന്ന ഇരുവരെയും ഇടിച്ചുതെറിപ്പിക്കുന്നതുപോലുള്ള ദൃശ്യങ്ങൾ ലഭിച്ചു. എന്നാല്‍ ശാസ്ത്രീയ പരിശോധനയില്‍ ഇരുവരെയും ഒരു കാര്‍ മാത്രമാണ് ഇടിച്ചുതെറിപ്പിച്ചതെന്നും ആരുടെയും ശരീരത്തിലൂടെയും വാഹനം കയറിയിറങ്ങിയിട്ടില്ലെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ശരിവച്ചാണ് ഒരു കാര്‍ മാത്രമാണ് അപകടമുണ്ടാക്കിയതെന്നു വ്യക്തമായതെന്ന് ഇരിട്ടി എസ്ഐ ദിനേശന് കൊതേരി പറഞ്ഞു.
അപകടം നടന്നയുടന്‍ കാർ ഓടിച്ചിരുന്ന മൊയ്തു കാർ ഉപേക്ഷിച്ച് രക്ഷപെടുകയായിരുന്നുവെന്ന് പിന്നീട് കണ്ടെത്തി. എന്നാൽ അപകടവിവരം സമീപത്തെ എക്സൈസ് ചെക്ക് പോസ്റ്റില്‍ അറിയിച്ചശേഷമാണ് ഇയാൾ കാർ ഉപേക്ഷിച്ച് രക്ഷപെട്ടതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.