25.9 C
Iritty, IN
July 7, 2024
  • Home
  • Thiruvanandapuram
  • റേഷൻ വിതരണം ഏഴു ജില്ലകള്‍ വീതമായി ക്രമീകരിക്കും: മന്ത്രി.
Thiruvanandapuram

റേഷൻ വിതരണം ഏഴു ജില്ലകള്‍ വീതമായി ക്രമീകരിക്കും: മന്ത്രി.


തിരുവനന്തപുരം ∙ സംസ്ഥാനത്തെ റേഷൻ കടകളിലെ വിതരണ സംവിധാനത്തിൽ വന്ന തകരാറിനു കാരണം സ്റ്റേറ്റ് ഡേറ്റ സെന്ററിന്റെ ശേഷിയുടെ കുറവാണെന്നു കണ്ടെത്തി. ഇതു സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് ലഭിച്ചതായി മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. തകരാർ പരിഹരിക്കും വരെ റേഷൻ വിതരണത്തിന് ക്രമീകരണം ഏർപ്പെടുത്തിയതായും മന്ത്രി അറിയിച്ചു. ഇതനുസരിച്ച് 7 ജില്ലകളിലെ റേഷൻ കടകൾ രാവിലെ 8.30 മുതൽ ഉച്ചയ്ക്കു 12 മണി വരെയും ബാക്കി 7 ജില്ലകളിലേതു ഉച്ചയ്ക്കു ശേഷം 3.30 മുതൽ വൈകിട്ട് 6.30 വരെയുമാകും പ്രവർത്തിക്കുക.തിരുവനന്തപുരം, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ കടകളാണ് ഉച്ചയ്ക്കു ശേഷം പ്രവർത്തിക്കുക. ഇത് ഇന്നു മുതൽ നിലവിൽ വരും. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലെ കടകൾ രാവിലെ തുറക്കും. ഇതു നാളെ മുതൽ നടപ്പാകും. ഈ മാസം 18 വരെയാണ് ഈ ക്രമീകരണം. 2 ദിവസത്തിനകം തകരാർ പരിഹരിക്കാമെന്ന് ഇതു സംബന്ധിച്ചു വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിൽ ഐടി വിദഗ്ധർ വ്യക്തമാക്കിയെങ്കിലും, പൂർണ പരിഹാരം കാണുന്നതിനായി ക്രമീകരണം 5 ദിവസത്തേക്കു നിശ്ചയിച്ചു. രാവിലെ തുറക്കുന്ന കടകളിലായി 46.49 ലക്ഷവും ഉച്ച കഴിഞ്ഞു പ്രവർത്തിക്കുന്ന കടകളിലായി 45.32 ലക്ഷവും കാർഡ് ഉടമകളാണുള്ളത്.
ആളുകളിൽ ഭീതി ഉണ്ടാക്കുന്ന തരത്തിലുള്ള പ്രചാരണങ്ങളാണു ചില കേന്ദ്രങ്ങൾ നടത്തുന്നതെന്നും കടകൾ അടച്ചിട്ടു ഭക്ഷ്യധാന്യവിതരണം തടസ്സപ്പെടുത്തുന്ന ശൈലിയിൽനിന്നു വ്യാപാരികൾ പിന്മാറണമെന്നും മന്ത്രി അഭ്യർഥിച്ചു. വ്യാപാരികളെ കുറ്റപ്പെടുത്തുന്നില്ല. ഒന്നോ രണ്ടോ കേന്ദ്രങ്ങളാണ് ആഹ്വാനം നടത്തിയത്. റേഷൻ ലൈസൻസികളും സർക്കാരും തമ്മിലുള്ള വ്യവസ്ഥ പ്രകാരം ഇങ്ങനെ കടകൾ അടച്ചിടാനാവില്ല. കറന്റ് പോയി എന്നു കരുതി ഒരു ഓഫിസ് അടച്ചിടാനാകുമോ എന്നും മന്ത്രി ചോദിച്ചു. എന്നാൽ, നോട്ടിസ് നൽകി സമരം ചെയ്യാം. ഇപോസ് യന്ത്രം വഴി അല്ലാതെ മാന്വലായി റേഷൻ നൽകാൻ കേന്ദ്രത്തിന്റെ വ്യവസ്ഥകൾ അനുവദിക്കുന്നില്ല. അങ്ങനെ ചെയ്താൽ കേരളത്തിനു കേന്ദ്രത്തിൽ നിന്നു ലഭിക്കേണ്ട സബ്സിഡി നഷ്ടപ്പെടും. അതിനാലാണു മാന്വലായി റേഷൻ വിതരണത്തിനു തയാറാകാത്തതെന്നും മന്ത്രി വിശദീകരിച്ചു.

Related posts

കേരള കോവിഡ് 19 അപ്ഡേറ്റ്

Aswathi Kottiyoor

സംസ്ഥാനങ്ങളോട് കമ്പോളങ്ങളില്‍ മത്സരിക്കാന്‍ നിര്‍ദ്ദേശിക്കുന്നത് പ്രതിഷേധാര്‍ഹമെന്ന് ആരോഗ്യമന്ത്രി; വാക്‌സിന്‍ സൗജന്യമാക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കി……….

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 51,739 പേര്‍ക്ക് കോവിഡ്

Aswathi Kottiyoor
WordPress Image Lightbox