സ്വത്ത് എഴുതികൊടുക്കാത്ത വിരോധത്തില്‍ വയോധികയായ മാതാവിനെ മര്‍ദ്ദിച്ച് അവശയാക്കിയ സംഭവത്തില്‍ മൂന്നുപെണ്‍മക്കളേയും പോലീസ് അറസ്റ്റ് ചെയ്തു.
എരമത്തെ പി. സൗദാമിനി, പി. അമ്മിണി, പി. പത്മിനി എന്നിവരാണ് നരഹത്യാശ്രമത്തിന് പെരിങ്ങോം പോലീസ് അറസ്റ്റ് ചെയ്തത്. വയോധികയുടെ മകനായ പെരിങ്ങോം പൊന്നംമ്പാറയിലെ പലേരി വീട്ടില്‍ രവീന്ദ്രനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ റിമാൻഡിലാണ്.
മാതമംഗലം പേരൂലിലെ പരേതനായ കുഞ്ഞമ്പുവിന്റെ ഭാര്യ പലേരിവീട്ടില്‍ മീനാക്ഷിയമ്മയാണ് കഴിഞ്ഞ മാസം 15ന് വൈകുന്നേരം നാലുമക്കളുടെ അക്രമത്തിനിരയായത്.
പത്ത് മക്കളുണ്ടായിരുന്ന മീനാക്ഷിയമ്മ മകനായ മോഹനന്റെ വീട്ടിലായിരുന്നു താമസം. മോഹനന് വീട്ടിലില്ലാത്ത സമയത്ത് നടന്ന അക്രമത്തെ പറ്റി മോഹനന്റെ ഭാര്യ സി.വി. ഷീജ നല്കിയ പരാതിയിലായിരുന്നു കേസ്. തുടര്‍ന്ന് രവീന്ദ്രനെ അറസ്റ്റുചെയ്തതോടെ കൂട്ടുപ്രതികളായ പെണ്മക്കള് ഒളിവില്‍ പോവുകയായിരുന്നു. ഇവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതോടെ പെണ്മക്കള് അഭിഭാഷകന് മുഖേന തലശേരി സെഷന്‍സ് കോടതിയില്‍ നിന്നും ഉപാധികളോടെ ജാമ്യം നേടിയിരുന്നു. ഇതേതുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരായപ്പോഴാണ് അറസ്റ്റ് ചെയ്തത്.