കണ്ണൂർ: നഗരത്തിലെ പാർക്കിംഗ് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു വേണ്ടി കൂടുതൽ പേ പാർക്കിംഗ് കേന്ദ്രങ്ങൾ ഒരുക്കി കണ്ണൂർ കോർപറേഷൻ. സന്നദ്ധ കൂട്ടായ്മകളുടെ നേതൃത്വത്തിലാണ് കൂടുതൽ പേ പാർക്കിംഗ് കേന്ദ്രങ്ങൾ ഒരുക്കുന്നത്. ഇതിന്റെ ഭാഗമായി താണ -സിറ്റി റോഡിൽ സജ്ജമാക്കിയ പാർക്കിംഗ് കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 11. 30ന് മേയർ ടി.ഒ. മോഹനൻ നിർവഹിക്കും.
‘പാർക്ക് ഇൻ ഷുവർ’ എന്ന സന്നദ്ധ കൂട്ടായ്മയുടെ സോഫ്റ്റ്വെയർ എൻജിനീയർമാരായ ഒ.കെ. അരുൺജിത്, എം. രാഹുൽ, കെ. റിയാസ്, കെ.കെ. നാഫിഹ് എന്നിവരുടെ നേതൃത്വത്തിൽ കോർപ്പറേഷൻ- പോലീസ് -മോട്ടോർ വാഹന വകുപ്പ് എന്നിവരുടെയും സഹകരണത്തോടെയാണ് പാർക്കിംഗ് കേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കുക.
തുടക്കത്തിൽ ഒരു മണിക്കൂർ പാർക്കിംഗിന് 10 രൂപ മാത്രമാണ് ഈടാക്കുന്നത്. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് ആവശ്യമായ 65 സെന്റ് സ്ഥലം താണയിലെ ഒരു സ്വകാര്യ വ്യക്തിയാണ് സൗജന്യമായി അനുവദിച്ചത്.
പ്രത്യേകം തയാറാക്കിയ ആപ്പും വെബ്സൈറ്റും ഉപയോഗിച്ചാണ് പാർക്കിംഗ് നിയന്ത്രിക്കുക. പാർക്കിംഗ് സംബന്ധിച്ച വിവരങ്ങളും, തുക ഈടാക്കിയ റസീറ്റും വാട്സാപ്പ് വഴി ഉപഭോക്താക്കളുടെ ഫോണിൽ ലഭിക്കും.
പ്രതിമാസം നിശ്ചിത തുക നൽകി കച്ചവടക്കാർക്കും മറ്റും സ്ഥിരമായി നിശ്ചിത സ്ഥലത്ത് റിസേർവ്ഡ് പാർക്കിംഗിനുള്ള സൗകര്യവും ഉണ്ടാകും. ഇതിനായുള്ള വെബ്സൈറ്റ്, ആപ്പ് എന്നിവയുടെ ലോഞ്ചിംഗ് കോർപറേഷൻ ഓഫീസിൽ മേയർ ടി.ഒ. മോഹനൻ നിർവഹിച്ചു.
ഡെപ്യൂട്ടി മേയർ കെ. ഷബീന, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി. ഇന്ദിര, സുരേഷ് ബാബു എളയാവൂർ,ട്രാഫിക് സബ് ഇൻസ്പെക്ടർമാരായ കെ.പി. മഹീന്ദ്രൻ, ടി.വി. മനോജ് കുമാർ ‘പാർക്ക് ഇൻ ഷുവർ’ പ്രതിനിധികളായ ഒ.കെ. അരുൺ ജിത്ത്, കെ.കെ. നാഫിഹ് തുടങ്ങിയവർ പങ്കെടുത്തു.